ആർ.ടി.ഒ ഓഫീസുകൾ കൈയടക്കി ഏജന്റുമാർ

Monday 10 November 2025 12:08 AM IST
കണ്ണൂർ ആർ.ടി.ഒ ഓഫീസ്

കണ്ണൂർ: ജില്ലയിലെ ആർ.ടി.ഒ ഓഫീസുകളിൽ ഏജന്റുമാർ വിലസുന്നു. ആർ.ടി.ഒ ഓഫീസുകളിൽ ആവശ്യങ്ങൾ നിറവേറണമെങ്കിൽ ഏജന്റുമാരുടെ പിന്നാലെ പോകണം. ഇവരാകട്ടെ പല ആവശ്യങ്ങൾക്കും നിർണയിച്ച ഫീസിലും ഇരട്ടി വാങ്ങിയാണ് കാര്യങ്ങൾ ചെയ്തു നൽകുന്നത്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞദിവസങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആർ.ടി.ഒ ഓഫീസുകളിൽ കൈക്കൂലിപ്പണവുമായി നിൽക്കുന്ന ഏജന്റുമാരെ തെളിവു സഹിതം പിടികൂടിയിരുന്നു. ഓഫീസുകളിൽ എത്തുന്നവരെ വരവേൽക്കുന്നത് ഏജന്റുമാരാണെന്ന് വിജിലൻസും പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്താകെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പൂട്ടാനുള്ള വിജിലൻസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ ഇതിന് പരിഹാരമാകുന്നില്ലെന്ന പരാതിയാണ് ജനങ്ങൾക്കി.

ജി​ല്ല​യി​ൽ ക​ണ്ണൂ​ർ, ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ർ.​ടി ഓ​ഫീസു​ക​ളു​ള്ള​ത്. ഇതിൽ കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവടങ്ങളിലെ ചില ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം പരാതി ഉണ്ടാകുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ കഴിഞ്ഞ മാസം നടത്തിയ മിന്നൽ പരിശോധനയിൽ ആറ് ഏജന്റുമാരെ പണവുമായി പിടികൂടിയിരുന്നു. ഒരു ഉദ്യോഗസ്ഥന് പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ടും വിജിലൻസിന് ലഭിച്ചു.

ആഴ്ചപ്പണിപോലെ കൈക്കൂലി

ശനിയാഴ്ചയാണ് കൈക്കൂലിപ്പണം ഏജന്റുമാർ ഉദ്യേഗസ്ഥർക്ക് കൈമാറുക. ഓൺലൈൻ ട്രാൻസാക്ഷൻ വഴിയും പുറത്ത് പാർക്ക് ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ കാറിലുമൊക്കെയാണ് പണം നിക്ഷേപിക്കുന്നത്. ഇത് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജോലി സമയം കഴിഞ്ഞ് ഓഫീസിൽ തന്നെയിരുന്ന് പണം വാങ്ങുന്നവരുമുണ്ട്.

ഏജന്റുണ്ടോ ചെരുപ്പ് തേഞ്ഞുതീരില്ല

ഏജന്റുമാരില്ലാതെ നേരിട്ട് ആവശ്യം നിറവേറ്റാൻ എത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കുകയും സമയം വൈകിപ്പിക്കുകയും ചെയ്യുകയാണ് രീതി. ലൈസൻസിന് ഡ്രൈവിംഗ് സ്കൂളുകൾ വഴിയല്ലാതെ പോകുന്നവർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ടിയും വരുന്നു. അതേസമയം കൃത്യമായ നിയമങ്ങൾ പാലിക്കാത്ത ഡ്രൈവിംഗ് സ്കൂളുകൾക്ക് നേരേ ഇക്കൂട്ടർ കണ്ണ് ചിമ്മുന്നതായും പരാതിയുണ്ട്.

വാഹനങ്ങളുടെ പെർമിറ്റിനും ഫിറ്റ്നസിനുമൊക്കെയായി വലിയ തുകയാണ് ഏജന്റുമാർ വാങ്ങുക. ഏ​ത് വാ​ഹ​നം പ​രി​ശോ​ധി​ക്കണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​തും ഏ​ജ​ന്റു​മാ​രാ​ണെന്ന് വാഹന ഉടമകൾ ആരോപിക്കുന്നു. 650 രൂ​പ ഉ​ള്ള ടി.പി രജിസ്ട്രേഷന് ഏ​ജന്റു​മാ​ർ 2000 രൂ​പ​ വ​രെ​യാ​ണ് വാങ്ങുന്നത്. 5000 രൂ​പയു​ള്ള പു​തി​യ പെ​ർ​മി​റ്റ്‌ ഉ​ണ്ടാ​ക്കാ​ൻ വാ​ങ്ങു​ന്ന​ത് 25,000 മു​ത​ൽ 50,000 വ​രെ​. സർക്കാൻ സേവനങ്ങൾ ഭൂരിഭാഗവും ഓൺലൈനാകുമ്പോഴും ആർ.ടി ഓഫീസുകൾ കയറിയിറങ്ങി ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.

പലയിടങ്ങളിലും മിന്നൽ പരിശോധനകൾ നടക്കുന്നുണ്ട്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നുമുണ്ട്. -ജില്ല വിജിലൻസ് അധികൃതർ