വികസനവാദം ഉയരും : തിരഞ്ഞെടുപ്പിൽ ലാലൂരും കേന്ദ്രസ്ഥാനത്ത് !
തൃശൂർ: പതിറ്റാണ്ടോളം മലയായി മാലിന്യം പുകഞ്ഞും ചീഞ്ഞും നില കൊണ്ട ലാലൂരിൽ ഉയർന്ന സ്‌പോർട്‌സ് കോംപ്ലക്‌സിനെ ചൊല്ലിയുള്ള അവകാശവാദങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൊഴുക്കും. 1940 കളിൽ തുടങ്ങിയ മാലിന്യം തള്ളൽ 1988ൽ സമര രൂപത്തിലേക്കെത്തിയ ശേഷം, എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളെ മുൾമുനയിലാക്കിയിരുന്നു. മുൻകാല തിരഞ്ഞെടുപ്പുകളിൽ ലാലൂർ വിഷയം കത്തിക്കയറി. ലാലൂരിലെ പ്രശ്‌നം തീർക്കാൻ ഉമ്മൻചാണ്ടി, വി.എസ് സർക്കാരുകൾ പലശ്രമങ്ങൾ നടത്തി. പക്ഷേ, പലതും പരാജയമായി.
2012ൽ മാലിന്യമല കത്തിയതിനെ തുടർന്ന് ആരംഭിച്ച സമരത്തിനൊടുവിലാണ് ഇവിടേക്കുള്ള മാലിന്യനീക്കം അവസാനിക്കുന്നത്. ടി.കെ.വാസു, അഡ്വ.രഘുനാഥ് കഴുങ്കിൽ, സി.പി.ജോസ്, ഓമന, അനിൽകുമാർ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്. 2016ൽ മന്ത്രിമാരായിരുന്ന എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ ഇടപെട്ട് കോർപറേഷന്റെ ഐ.എം.വിജയൻ സ്‌പോർട്‌സ് കോംപ്ലക്‌സ് പദ്ധതിക്ക് അംഗീകാരം നേടിയതും കിഫ്ബിയിലൂടെ 50 കോടി അനുവദിച്ചതും 2018ൽ കായിക മന്ത്രിയായിരുന്ന ഇ.പി.ജയരാജൻ തറക്കല്ലിട്ട് പദ്ധതിക്ക് തുടക്കം കുറിച്ചതുമെല്ലാം എൽ.ഡി.എഫ് പ്രചാരണായുധമാക്കും. എന്നാൽ ലാലൂരിലേക്കുള്ള മാലിന്യനീക്കം നിറുത്താൻ കഴിഞ്ഞതും സ്‌പോർട്‌സ് കോംപ്‌ളക്‌സ് നിർമ്മാണം വൈകിയതുമെല്ലാം യു.ഡി.എഫും എണ്ണിപ്പറയും.
നിർണായകമായൊരു ഉത്തരവ്
സമരത്തിന്റെ ഐക്യദാർഢ്യ സമിതി കൺവീനറും സർവോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.പീതാംബരൻ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തതാണ് ലാലൂരിൽ നിർണായകമായത്. തൃശൂർ കോർപ്പറേഷനിലെ മറ്റ് വാർഡുകളിൽ നിന്നും കൊണ്ടുവരുന്ന മാലിന്യം ലാലൂരിൽ നിക്ഷേപിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഉണ്ടായത് 2012 മാർച്ച് 19 നാണ്. ആ ദിവസത്തിന് ശേഷം ലാലൂരിൽ മാലിന്യനിക്ഷേപം ഉണ്ടായിട്ടില്ല. പക്ഷേ നിലവിൽ നിക്ഷേപിക്കപ്പെട്ട മാലിന്യമല വലിയ വെല്ലുവിളിയായിരുന്നു. 2012 ജനുവരിയിൽ മാലിന്യമലയ്ക്ക് വീണ്ടും തീപിടിച്ചു. ശക്തമായ പുകയും പൊടിപടലങ്ങളും മൂലം നിരവധി പേർ ആശുപത്രിയിലായി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന് പരാതി നൽകിയത്. കമ്മിഷൻ അംഗം ആർ.നാഗരാജൻ ലാലൂരിലെത്തുകയും അപകടകരമായ അന്തരീക്ഷം കാണുകയും ചെയ്തു. ഇതേത്തുടർന്നാണ് മനുഷ്യാവകാശ കമ്മിഷൻ പെട്ടെന്ന് ഉത്തരവ് ഇറക്കിയത്. ശേഷം ലാലൂരിലെ മാലിന്യം പുറമേ നിന്നും കൊണ്ടുവന്ന് നിക്ഷേപിച്ചിട്ടില്ല.
ദശാബ്ദങ്ങളോളം നീണ്ടുനിന്ന സമരത്തിൽ നിന്നുള്ള ഊർജവും സ്വാധീനവും സാമൂഹിക സമ്മർദ്ദവുമാണ് മനുഷ്യാവകാശ കമ്മിഷന്റെ ശക്തമായ ഇടപെടലിന് കാരണമായത്.
എം.പീതാംബരൻ.