കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ആദ്യഘട്ടം ഇന്ന് : 30 സീറ്റിലെങ്കിലും വനിത സ്ഥാനാർത്ഥികൾ ?
തൃശൂർ: ചർച്ച തുടരുമ്പോഴും, കോർപറേഷനിൽ നിലവിലുള്ള കൗൺസിലർമാർ മത്സരിക്കുന്ന ഇടങ്ങളുടെയും മത്സരം ഉറപ്പിച്ചവരുടെയും പട്ടിക ആദ്യഘട്ടമായി ഇന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. അതേസമയം ജില്ലാ പഞ്ചായത്തിലെ സ്ഥാനാർത്ഥികളെ കൂടി ഒരുമിച്ച് പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം നീണ്ടേക്കുമെന്നും ഒരു വിഭാഗം പറയുന്നു. ഏതാണ്ട് 26-30 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏകദേശ തീരുമാനമായിട്ടുണ്ട്. രണ്ട് ജനറൽ സീറ്റുകളിൽ വനിതകളെ നിറുത്താനും പുതുമുഖങ്ങളെ കൂടുതൽ അവതരിപ്പിക്കാനും നീക്കമുണ്ട്. വിജയസാദ്ധ്യത കണക്കിലെടുത്ത് നിലവിൽ കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, മുൻ കൗൺസിലർ എ.പ്രസാദ് തുടങ്ങിയവർക്ക് മത്സരിക്കാൻ അവസരം നൽകിയേക്കും. മേയർ സ്ഥാനാർത്ഥി വനിതയായതിനാൽ മുൻ കൗൺസിലർ കൂടിയായ സുബി ബാബു, ലാലി ജെയിംസ്, ഡോ.നിജി ജസ്റ്റിൻ എന്നിവർ പട്ടികയിൽ ഇടം പിടിച്ചേക്കും. പുതൂർക്കരയിൽ മെഫി ഡെൽസണും ചേറൂരിൽ അഡ്വ.വില്ലിയും മത്സരിച്ചേക്കും. യൂത്ത് കോൺഗ്രസ് നേതാവ് മിഥുൻ മോഹൻ പൂത്തോൾ തെരഞ്ഞെടുത്തേക്കും. അതേസമയം പൂത്തോളിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ കൗൺസിലർ അബ്ദുൾ മുത്തലീഫും രംഗത്തുണ്ട്. ലാലി ജയിംസ് ലാലൂരിലും നിജി ജസ്റ്റിൻ കിഴക്കുംപാട്ടുകരയിലും സുബി ബാബു ഗാന്ധിനഗറിലും മത്സരിച്ചേക്കും. കിഴക്കുംപാട്ടുകരയിൽ പ്രാദേശിക വാദം ശക്തമായാൽ നിജിക്ക് മറ്റെതെങ്കിലും ഡിവിഷൻ നൽകിയേക്കും. അതേസമയം നോട്ടിഫിക്കേഷൻ വരുന്നതോടെ കോർപറേഷൻ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ്, ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനത്തിലാണ് സി.പി.എം.
മേയർ സ്ഥാനാർത്ഥി കീഴ്‌വഴക്കമില്ല
തൃശൂർ കോർപറേഷനിലേക്ക് തിരഞ്ഞെടുപ്പിന് മുമ്പ് മേയർ സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാകും ആരാണ് മേയറെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മറ്റ് സ്ഥലങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തൃശൂരിൽ കീഴ്‌വഴക്കമില്ല. ഇപ്പോൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന ചർച്ചകളാണ് നടക്കുന്നതെന്നും ടാജറ്റ് പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങളില്ല. പുതുമുഖങ്ങളെ രംഗത്തിറക്കി ഇത്തവണ ഭരണം നിലനിറുത്താനാണ് ശ്രമം.
കെ.വി.അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി സി.പി.എം
ഇത്തവണ ഭരണം പിടിക്കാനുള്ള നീക്കമാണ് നടത്തുന്നത്. പത്ത് വാർഡുകളിൽ ബി.ജെ.പി പരിഗണിക്കുന്നത് ക്രിസ്ത്യൻ സ്ഥാനാർത്ഥികളെയാണ്.
ജസ്റ്റിൻ ജേക്കബ് സിറ്റി ജില്ലാ പ്രസിഡന്റ് ബി.ജെ.പി.