ആലപ്പുഴ മെഡിക്കൽ കോളേജ്, അസൗകര്യങ്ങൾക്ക് നടുവിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്,
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തോളമായിട്ടും ബാലാരിഷ്ടതയിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല. കേന്ദ്രസർക്കാരിന്റെ 120 കോടിയും സംസ്ഥാനത്തിന്റെ 53.18 കോടി രൂപയും ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി ബ്ലോക്ക് നിർമ്മിച്ചത്.
2023 ജനുവരിയിലായിരുന്നു ആശുപത്രിയിടെ ഉദ്ഘാടനം. ആവശ്യത്തിന് ഡോക്ടർമാരേയും നഴ്സുമാർ അടക്കമുള്ള ജീവനക്കാരേയും ഉടൻ നിയമിക്കുമെന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയെങ്കിലും അത് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയെ വീർപ്പുമുട്ടിക്കുകയാണ്.
സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ടും സാധാരണക്കാരുടെ ആശ്രയമായ ഇവിടെ നിന്ന് ചികിത്സ ലഭിക്കുന്നില്ലെന്നതാണ് ഗൗരവകരമായ കാര്യം. ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് സാധാരണക്കാർക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നതാണ് രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
ആവശ്യത്തിന് ഡോക്ടർമാരില്ല
1.വിവിധ ആരോഗ്യ പദ്ധതിപ്രകാരം സൗജന്യമായി ശസ്ത്രക്രിയ നടത്താമെന്നതിനാൽ നിർധനരായ രോഗികളുടെ ഏക ആശ്രയമാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ. ജീവനക്കാരുടെ കുറവ് ഇവരുടെ ചികിത്സയെയാണ് ബാധിക്കുന്നത്
2.കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിൽ പത്തോളം നഴ്സുമാരുടെ കുറവാണുള്ളത്.
അമ്പതിലധികം രോഗികൾ ശസ്ത്രക്രിയ കാത്ത് ലിസ്റ്റിലുണ്ട്. ബൈപ്പാസ് സർജറി ഉൾപ്പടെ ചെയ്യേണ്ട രോഗികളാണ് ലിസ്റ്റിലുള്ളത്. എന്നാൽ, ദിവസം രണ്ട് ശസ്ത്രക്രിയകൾ മാത്രമാണ് ഇവിടെ നടക്കുന്നത്
3.എൻഡോ ക്രൈനോളജി വിഭാഗത്തിലും പ്ലാസ്റ്റിക് സർജറി വിഭാഗത്തിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും ടെക്നീഷ്യന്മാരുടെയും കുറവുള്ളതിനാൽ ഒ.പിയുടെ പ്രവർത്തനം പോലും താളം തെറ്റിയിരിക്കുകയാണ്
സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക്
വിഭാഗങ്ങൾ: 9
കിടക്കകൾ: 200
ഐ.സി.യു കിടക്കകൾ: 50
സ്വകാര്യആശുപത്രികളിൽ ചികിത്സ തേടാൻ നിവൃത്തിയില്ലാത്ത നിർധനരായ രോഗികളാണ്
ഇവിടെ എത്തുന്നത്. അവർക്ക് സമയത്ത് ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ഡോക്ടർമാരേയും ജീവനക്കാരേയും നിയമിക്കാൻ സർക്കാർ തയ്യാറാകണം
-വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ