"ഗണേഷ് കുമാർ കായ്ഫലമുള്ള മരം" , മന്ത്രിയെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി

Sunday 09 November 2025 10:36 PM IST

കൊല്ലം : മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുകഴ്‌ത്തിയ കോൺഗ്രസ് നേതാവ് തലച്ചിറ അബ്ദുൾ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് അസീസ്. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടന വേദിയിൽ ഗണേഷ് കുമാറിനെ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കണമെന്ന് അസീസ് പറഞ്ഞിരുന്നു. മന്ത്രി ഗണേഷ് കുമാർ വേദിയിലിരിക്കെയാണ് അസീസിന്റെ പരാമർശം. ഇക്കാര്യത്തിൽ അസീസിനോട് ഡി.സി.സി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.

ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെ്നും വോട്ട് ചോദിച്ചു വരുന്ന മച്ചി മരങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും അസീസ് പ്രസംഗത്തിൽ തുറന്നടിച്ചിരുന്നു. പത്തനാപുരം നിയോജക മണ്ഡലത്തിൽപ്പെട്ട വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ റോഡ് ഉദ്ഘാടന ചടങ്ങായിരുന്നു വേദി. ഗണേഷ് കുമാറായിരുന്നു റോഡ് ഉദ്ഘാടനം ചെയ്തത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൽ.ഡി.എഫ് മന്ത്രിക്ക് വേണ്ടി കോൺഗ്രസ് നേതാവ് വോട്ടഭ്യർത്ഥിച്ചത് ചർച്ചയായിരുന്നു.