നായ്ക്കളുടെ വില പോലും...!, അയ്യപ്പന്റെ പണിയും
ദൈവത്തിന്റെ സ്വന്തം നാട്. നമ്പർ വൺ കേരളം. തെരുവ് നായ്ക്കളുടെ സ്വൈര വിഹാരമാണ് അതിന്റെ ലക്ഷണമെന്നാണ് ദിനംപ്രതി അവയുടെ കടിയേൽക്കുന്ന നാട്ടുവാസികൾ മുതൽ വിദേശ വിനോദ സഞ്ചാരികൾ വരെയുള്ളവർ പറയുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തിയ ശേഷം അതേ സ്ഥലങ്ങളിൽ തുറന്നുവിടാതെ പ്രത്യേക
കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് ഒടുവിൽ സുപ്രീം കോടതി വരെ പറഞ്ഞത്.
ഏറ്റവും നന്ദിയും സ്നേഹവുമുള്ള വളർത്തുമൃഗമാണ് നായ എന്നാണ് ചൊല്ല്. പക്ഷേ, പട്ടിയെ പേടിച്ചാരും നേർവഴി നടപ്പീല എന്നതാണ് സ്ഥിതി. മനുഷ്യജീവന് ആര് സമാധാനം പറയുമെന്നാണ് മൃഗസ്നേഹികളോട് കോടതികൾ ചോദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയുടെ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ ഉടൻ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനാണ് സുപ്രീം കോടതിയുടെ ഇണ്ടാസ്.
തെരുവുനായ പ്രശ്നം പരിഹരിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എട്ടാഴ്ചയ്ക്കകം സത്വാങ്മൂലം നൽകണം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ പിഴ നൽകേണ്ടി വരും. അവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥർ ജാഗ്രതൈ; തെരുവുനായ്ക്കളും!
ലോകത്തെ നമ്പർ വൺ ആരോഗ്യ കേരളത്തിലെ നമ്പർ വണ്ണായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും തെരുവുനായയ്ക്കുള്ള പരിഗണന പോലും നൽകുന്നില്ലെന്നാണ് ചികിത്സ കിട്ടാതെ മരിച്ച ഹൃദ്രോഗിയായ കൊല്ലത്തെ ഓട്ടോഡ്രൈവർ വേണു, സുഹൃത്തിന് അയച്ച ശബ്ദസന്ദേശം. മന:സാക്ഷിക്ക് നിരക്കാത്ത ഈ ദുരനുഭവം ഭരണക്കാർ കൊട്ടിഘോഷിക്കുന്ന അവകാശവാദങ്ങൾക്കു നേരെയുള്ള കൊഞ്ഞനംകുത്തലല്ലേ? ഇവിടെ മുഴുവൻ കൈക്കൂലിയാണ്. യൂണിഫോമിട്ടവരോട് കാര്യം ചോദിച്ചാൽ മറുപടി തരില്ല...
അടിയന്തര ആൻജിയോഗ്രാം ചെയ്യാൻ കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ആ നിർദ്ധനനെ അഞ്ചുദിവസം കിടത്തിയത് വെറുംനിലത്ത്. എന്നിട്ടും ആൻജിയോഗ്രാം ചെയ്തില്ല. വേണുവും ഭാര്യയും കരഞ്ഞപേക്ഷിച്ചിട്ടും
കഠിന ഹൃദയങ്ങൾ അലിഞ്ഞില്ല. അഞ്ചാംദിവസം വൈകിട്ട് ഇ.സി.ജി എടുക്കാൻ കൊണ്ടുപോകുന്ന വഴി കടുത്ത നെഞ്ചുവേദന. അന്നു രാത്രി ഐ.സി.യുവിൽ അന്ത്യം. തന്റെ ജീവന് എന്തെങ്കിലും അപകടം സംഭവിച്ചാൽ ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന്, അതിന് മണിക്കൂറുകൾക്കു മുമ്പ് വേണു സുഹൃത്തിനയച്ച
ശബ്ദസന്ദേശം നമ്മുടെ സർക്കാർ ആശുപത്രികൾ പാവപ്പെട്ട രോഗികളുടെ മരണക്കിടക്കകളായി മാറുന്നതിന്റെ നേർസാക്ഷ്യമല്ലേ?
ഈ സിസ്റ്റത്തിന്റെ തകരാറുകൾ ഇനി എന്ന് പരിഹരിക്കപ്പെടും? സ്വന്തം വീഴ്ചകൾ മറയ്ക്കാൻ പച്ചക്കള്ളങ്ങൾ നിരത്തുന്ന
അധികൃതർ. എല്ലം സഹിക്കാൻ വിധിക്കപ്പെട്ട നിർദ്ധനരും അശരണരുമായ രോഗികൾ, നിരാലംബരാവുന്ന കുടുംബങ്ങൾ!
'ശബരിമലയിലെ സ്വർണം കക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്ത ഒരുത്തനെയും അയ്യപ്പസ്വാമി വെറുതെ വിടില്ല!" അയ്യപ്പന്റെ സ്വർണം 2019 മുതൽ അടിച്ചു മാറ്റിയവർ ഒന്നൊന്നായി കുടുങ്ങുന്നു. പല വലിയ മീനുകളും ഇനി വലയിലാകുമെന്നാണ് കേൾക്കുന്നത്. ശ്രീകോവിലിന്റെ പഴയ വാതിൽ വരെ കടത്തിയോ എന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിക്കുകയാണ്. ശ്രീകോവിലിന്റെ വാതിൽ, ദ്വാരപാലക ശില്പം തുടങ്ങിയവയുടെ അറ്റകുറ്റപ്പണിയുടെ മറവിൽ അമൂല്യ പൈതൃക വസ്തുക്കളുടെ കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര സംഘമാണോ തട്ടിപ്പിനു പിന്നിലെന്നും കോടതി സംശയിക്കുന്നു.
ശ്രീകോവിലിന്റെ 315 പവൻ സ്വർണം പൊതിഞ്ഞ പ്രധാന വാതിലിനു പകരം 40.5 പവൻ സ്വർണം പൂശി ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടുവന്ന വാതിൽ സ്ഥാപിച്ചു. ക്ഷേത്ര കലാവസ്തുക്കൾ മോഷ്ടിക്കുന്ന രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിനെ പോലുള്ളവരുടെ രീതിയോട് ഇവിടത്തെ തട്ടിപ്പിന് സാമ്യമുണ്ടെന്നാണ് നിഗമനം. രാജ്യാന്തര വിപണിയിൽ കോടികൾക്ക് വിൽക്കാവുന്നതാണ് ഇത്തരം പകർപ്പുകൾ!കാട്ടുകള്ളന്മാർ!
ശബരിമല ശ്രീകോവിൽ തുറന്നിരുന്ന സമയത്താണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയും സംഘവും വാതിൽപ്പാളിയുടെ അളവെടുത്തത്. 1998-ൽ വിജയ് മല്യ സ്വർണം പൊതിയാൻ കതകിനും കട്ടിളയ്ക്കുമായി 25 കിലോ സ്വർണമാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, 2019-ൽ ഉണ്ണിക്കൃഷ്ണൻ പോറ്റി സമർപ്പിച്ച കതകിൽ 324 ഗ്രാം സ്വർണം മാത്രം. ഇത്രയെല്ലാം കവർച്ചകൾ അവിടെ നടന്നിട്ടും ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഈ വർഷവും അതേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ട നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതിയുടെ 'ചങ്കൂറ്റം" സമ്മതിക്കണം.
ഹൈക്കോടതിയുടെയോ ദേവസ്വം കമ്മിഷണറുടെയോ അനുമതിയില്ലാതെ എടുത്ത തീരുമാനം ബോർഡിന്റെ മിനിട്സിൽപ്പോലും രേഖപ്പെടുത്തിയിട്ടില്ല. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ശില്പങ്ങൾ അറ്റകുറ്റപ്പണി ചെയ്യാനും സ്വർണം പൂശാനും ഇക്കഴിഞ്ഞ സെപ്തംബർ രണ്ടിന് ബോർഡ് കൈക്കൊണ്ട തീരുമാനവും രേഖയിലില്ല. എന്നിട്ടും നാഴികയ്ക്ക് നാല്പതു വട്ടം, ഇപ്പോൾ സ്ഥാനമൊഴിയുന്ന ബോർഡ് പ്രസിഡന്റ് പറഞ്ഞുനടന്നത് എല്ലാ കവർച്ചയും നടന്നത് 2019-ലാണെന്നും തങ്ങളുടെ കൈകൾ ശുദ്ധമാണെന്നും ഉപ്പു തിന്നവൻ വെള്ളം കുടിക്കും എന്നുമൊക്കെയാണ്.
അതിനർത്ഥം, ഈ വർഷവും ക്രമക്കേട് നടന്നു എന്നല്ലേ?ദേവസ്വം മാനുവൽ, ഹൈക്കോടതി ഉത്തരവ് എന്നിവ കണക്കിലെടുക്കാതെയാണ് ഈ വർഷം സെപ്തംബറിൽ ദ്വാരപാലക ശില്പങ്ങളുടെ പാളികൾ ചെന്നൈയിൽ കൊണ്ടുപോയത്. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രാങ്കണത്തിലാണ് നടത്തേണ്ടതെന്ന് ദേവസ്വം നിയമത്തിലും കോടതി ഉത്തരവിലും വ്യക്തമായി പറയുന്നു. എന്നിട്ടും ഇക്കാര്യം നിലവിലെ ബോർഡിനും അറിയില്ലെന്ന് എങ്ങനെ പറയാനാവുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം.
2019-ൽ സ്വർണം പൂശിയ ശില്പങ്ങളുടെയും വാതിൽപ്പാളികളുടെയും ശോഭ ആറുകൊല്ലം കഴിഞ്ഞപ്പോൾ മങ്ങിയത് എങ്ങനെ?പി.എസ്. പ്രശാന്ത് പ്രസിഡന്റായ നിലവിലെ ബോർഡിന്റെ കാലാവധി അടുത്ത വർഷം ജൂൺ വരെ നീട്ടാനായിരുന്നു സർക്കാരിന്റെ നീക്കം. അക്കാര്യം തീരുമാനിക്കാൻ മന്ത്രിസഭായോഗം ചേരുന്നതിന് മണിക്കൂറുകൾക്കു മുമ്പ് വീണ്ടും ഹൈക്കോടതിയുടെ അടി! ദേവസ്വം മാനുവൽ, ഹൈക്കോടതി ഉത്തരവ് എന്നിവ
കണക്കിലെടുക്കാതെയാണ് ഈ വർഷം സെപ്തംബറിൽ ശില്പങ്ങളുടെ പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. ഇക്കാര്യം അറിയില്ലെന്ന് ബോർഡിന് പറയാനാവില്ല. ഈ വർഷവും ക്രമക്കേട് നടന്നുവെന്ന് സാരം. ബോർഡിന്റെ കാലാവധി നീട്ടൽ നീക്കം പൊളിഞ്ഞു. എല്ലാം അയ്യപ്പന്റെ പണി!
അങ്ങനെ ഒരു വെടിക്ക് രണ്ടു പക്ഷി.വിവാദമായ പി.എം.ശ്രീയിൽ ഒപ്പിട്ടെങ്കലും, അത് കേരളത്തിൽ നടപ്പാക്കാതെ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനു കത്തയക്കാൻ മന്ത്രിസഭാ തീരുമാനം. അതോടെ, തങ്ങളുടെ ആവശ്യം അംഗീകരിച്ചതിൽ സി.പി.ഐ ഹാപ്പി. കത്ത് അയയ്ക്കാൻ ഒരാഴ്ച വൈകിച്ചതിലൂടെ കേന്ദ്ര ഫണ്ടിന്റെ ആദ്യ ഗഡുവിൽ 91 കോടി ലഭിച്ചതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും സി.പി.എമ്മും ഹാപ്പി.
അപ്പോൾ കേന്ദ്രത്തിന് അയക്കുമെന്നു പറഞ്ഞ കത്തോ?ഏത് സി.പി.ഐ എന്ന് ചോദിച്ചതുപോലെ, ഏതു കത്തെന്ന് എം.വി. ഗോവിന്ദൻ മാഷ് ചോദിക്കാത്തത് ഭാഗ്യം!പകരം കുറ്റസമ്മതം. മന്ത്രിസഭയെയും ഇടതു മുന്നണിയെയും ഇരുട്ടിൽ നിറുത്തി പി.എം. ശ്രീയിൽ ഒപ്പിട്ടതിന് മാപ്പ്. സി.പി.ഐക്ക് അത്രയും പോരേ?അപ്പോൾ കത്തോ?ആദ്യം പണം കിട്ടട്ടെ. പിന്നാലെ പാർക്കലാം.
നുറുങ്ങ്:
■ 'വിയർപ്പ് തുന്നിയിട്ട കുപ്പായം..." എന്ന വേടന്റെ പാട്ടിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സിനിമാ അവർഡ്.
● അതല്ലേ 'വേടനു പോലും" എന്ന് മന്ത്രി സജി ചെറിയാൻ ആദ്യം പറഞ്ഞതും, പിന്നെ തിരുത്തിയതും.
(വിദുരരുടെ ഫോൺ: 99461 08221)