പാവങ്ങൾ: മലയാള വിവർത്തനത്തിന്റെ നൂറാം വാർഷികം

Monday 10 November 2025 12:00 AM IST

കുഴിക്കാട്ടുശ്ശേരി : മലയാള സാഹിത്യത്തിൽ സാമൂഹികവിമർശനം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 'പാവങ്ങൾ' നോവലിലാണെന്ന് കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ. കുഴിക്കാട്ടുശ്ശേരി സാഹിതിഗ്രാമികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പാവങ്ങൾ' മലയാള വിവർത്തനത്തിന്റെ നൂറാം വാർഷിക പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചാലക്കുടി പനമ്പിള്ളി കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടി ഡോ.കെ.ഷിജു അദ്ധ്യക്ഷനായി. തുമ്പൂർ ലോഹിതാക്ഷൻ രചിച്ച കുട്ടികൾക്കായുള്ള 'പാവങ്ങൾ' പുനരാഖ്യാനം ഡോ.സുലോചന നാലപ്പാട്ട് ആർച്ച നിഷാദിന് നൽകി പ്രകാശനം ചെയ്തു. നാലപ്പാട്ട് കുടുംബത്തിലും കൊൽക്കത്തയിലുമുള്ള ജീവിതാനുഭവങ്ങൾ ഡോ.സുലോചന പങ്കുവച്ചു. ഗ്രാമിക പ്രസിഡന്റ് പി.കെ.കിട്ടൻ സുലോചനയെ ആദരിച്ചു. പി.ബി.ഹൃഷീകേശൻ, എൻ.ബി.ലക്ഷ്മി, തുമ്പൂർ ലോഹിതാക്ഷൻ, ഡോ.വടക്കേടത്ത് പത്മനാഭൻ, അനീഷ് ഹാറൂൺ റഷീദ് എന്നിവർ പ്രസംഗിച്ചു.