93-ാം വ്യോമസേനാ ദിനാഘോഷം, ബ്രഹ്‌മപുത്രാ തീരത്ത് ശക്തിപ്രകടനം
വടക്കുകിഴക്കൻ മേഖലയിൽ ഇത്രയും വലിയ വ്യോമാഭ്യാസ പ്രകടനം ആദ്യം
ന്യൂഡൽഹി: 93-ാം വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായി അസാമിലെ ഗുവാഹത്തിയിൽ ബ്രഹ്‌മപുത്രാ തീരത്ത് വ്യോമസേനയുടെ ശക്തിപ്രകടനം നടന്നു.
രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ വ്യോമസേനയുടെ ഇത്രയും വലിയ അഭ്യാസ പ്രകടനം ഇതാദ്യമാണ്. ബ്രഹ്‌മപുത്ര നദിയിലെ ലച്ചിത് ഘാട്ടിൽ നടന്ന ഫ്ലൈ പാസ്റ്റിൽ 75 യുദ്ധവിമാനങ്ങൾ അണിനിരന്നു. എൽ.സി.എ തേജസ്, റഫാൽ, സുഖോയ് 30 എം.കെ.ഐ, മിറാഷ് 2000 യുദ്ധവിമാനങ്ങൾ ആകാശക്കാഴ്ചയൊരുക്കി. അപ്പാച്ചെ ഹെലികോപ്റ്ററുകളും സി-295 സൈനിക ചരക്കുവിമാനങ്ങളും എയർഷോയിൽ പങ്കെടുത്തു. സൂര്യകിരൺ എയ്‌റോബാറ്റിക് ടീമിന്റെ പ്രകടനവും നടന്നു. വടക്കുകിഴക്കൻ മേഖലയിലെയും ബംഗാളിലെയും ഏഴ് വ്യോമത്താവളങ്ങളിൽ നിന്നാണ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30 മുതൽ രണ്ട് വരെയായിരുന്നു അഭ്യാസം. ബംഗ്ലാദേശിൽ വർദ്ധിച്ചുവരുന്ന പാകിസ്ഥാന്റെ സ്വാധീനവും ചൈനയോട് ഏറെ അകലെയല്ലാത്ത പ്രദേശമെന്നതും പരിഗണിച്ചാണ് ഗുവാഹത്തിയിൽ സൈനികാഭ്യാസം നടത്താൻ തീരുമാനിച്ചത്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്, അസം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ വ്യോമാഭ്യാസത്തിന് സാക്ഷ്യം വഹിച്ചു. പൊതുജനങ്ങൾക്കും അഭ്യാസം കാണാൻ അവസരമുണ്ടായിരുന്നു.