അവഗണനയുടെ വക്കിൽ കടയ്ക്കാവൂർ റെയിൽവേസ്റ്റേഷൻ
കടയ്ക്കാവൂർ: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽപ്പെട്ട കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ അവശ്യട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതും അടിസ്ഥാന സൗകര്യമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ട്രെയിനിനായി മറ്ര് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല, അധികൃതരുടെ അവഗണനയും തെരുവുനായ ശല്യവും പതിവാണ്. കൊവിഡ് സമയത്ത് നിർത്തലാക്കിയ ട്രെയിനുകൾക്കും യാത്രക്കാർ ഏറെയുള്ള മറ്റു തീവണ്ടികൾക്കും സ്റ്റോപ്പ് പുനരാരംഭിക്കണമെന്ന യാത്രക്കാരുടെ പരാതിക്ക് അധികൃതർ യാതൊരു പരിഗണനയും നൽകുന്നില്ല. നവീകരണം നടത്തി സമീപ സ്റ്റേഷനുകൾ മികവുറ്റതാക്കുമ്പോഴും കടയ്ക്കാവൂർ സ്റ്റേഷൻ അവഗണനയുടെ വക്കിലാണ്. രാത്രി 8വരെ പ്രവർത്തിച്ചിരുന്ന റിസർവേഷൻ കൗണ്ടർ വെെകിട്ട് 3.30വരെ ആക്കി ചുരുക്കിയത് വരുമാനം കുറയാനും കാരണമായി. എ.ടി.എം കൗണ്ടർ പോലും അമിതമായ തറവാടക മൂലം നിർത്തിയ അവസ്ഥയിലാണ്. നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിച്ച് പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നതുമാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
സർവീസ് പുനഃസ്ഥാപിക്കണം
കൊവിഡ് കാലത്ത് നിർത്തലാക്കിയ ഗുരുവായൂർ -ചെന്നൈ എഗ്‌മോർ എക്സ്പ്രസ്, മാംഗ്ലൂർ സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസ് എന്നിവയുടെ സ്റ്റോപ്പ് ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. എല്ലാ സ്റ്റേഷനിലും നിറുത്തുന്ന പറശുരാമിന് പോലും ഇവിടെ സ്റ്റോപ്പില്ല. കൂടാതെ അമൃത,മാവേലി,നേത്രാവതി എക്സ്പ്രസുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിൽ അധികൃതർ മൗനത്തിലാണ്. സ്റ്റേഷനകത്തെ ശൗചാലയം ഉപയോഗശൂന്യമായി പൂട്ടിയിട്ടിരിക്കുകയാണ്.
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറികളും പൂട്ടി.
ഒന്നാം പ്ലാറ്റ്ഫോം നിശ്ചലം ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനെത്താത്തത് യാത്രക്കാരെ വലയ്ക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. തീവണ്ടികൾ കൊണ്ടിടുന്നതിനാണ് ഒന്നാം പ്ലാറ്റ്ഫോം നിലവിൽ ഉപയോഗിക്കുന്നത്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ് തീവണ്ടികൾ കൂടുതലും നിറുത്തുന്നത്. പടികയറി മേൽപ്പാതയിലൂടെ വേണം ഇവിടെയെത്താൻ. പ്രായമായവർക്കും കാൽനടയാത്രക്കാർക്കും ഇത് ദുരിതമാണ്. ലിഫ്റ്റിന്റെ ആവശ്യകതയേറെയാണ്. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ്, ലഘുഭക്ഷണശാല എന്നിവയും നിർത്തലാക്കി.
പ്രതികരണം: റിസർവേഷൻ കൗണ്ടർ രാത്രി 8വരെയാക്കണമെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
വക്കം സുകുമാരൻ, സാഹിത്യകാരൻ