'ഹെക്കി ബണക്ക് ' വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു  

Monday 10 November 2025 2:34 AM IST
ബാണാസുര ചിലപ്പൻ

കൽപ്പറ്റ: ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ നേതൃത്വത്തിൽ പുളിയാർമലയിൽ 'വയനാട് പക്ഷി മേളയ്ക്ക് ' ഒരുങ്ങുന്നു. കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത 'ഹെയ്ക്കി ബണക്കു' എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായാണ് സംഘടിപ്പിക്കുന്നത്. 14 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു മേള ഉദ്ഘാടനം ചെയ്യും. കേരള വനം വകുപ്പ് മേധാവി ഡോ. പ്രമോദ് ജി കൃഷ്ണൻ മുഖ്യാതിഥിയും ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽ കുമാർ മുഖ്യപ്രഭാഷണവും നടത്തും. വായനാട്ടിൽ മാത്രം കണ്ടുവരുന്നതും വയനാടിന്റെ ജില്ലാ പക്ഷിയായി അടുത്തിടെ തിരഞ്ഞെടുത്തതുമായ ബാണാസുര ചിലപ്പൻ ആണ് ഫെസ്റ്റിവലിന്റെ ലോഗോ. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന 300 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കും. ഇന്ത്യയിലെ പ്രധാന സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രമുഖ ശാസ്ത്രഞ്ജൻമാരുമായി സംവദിക്കുന്ന ഓപ്പൺ ഫോറം ഉണ്ടാകും. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള പക്ഷി നിരീക്ഷകരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കൂടാതെ പൊതുജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന നിരവധി കലാ ശിൽപ്പശാലകളും പ്രദർശനങ്ങളും കലാപരിപാടികളും ഉണ്ടായിരിക്കും. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച ആശയ സംവാദം രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന പരിപാടി യിൽ സി.എസ് ചന്ദ്രികയുടെ കാന്തൽ, ഇ. ഉണ്ണിക്കൃഷ്ണന്റെ മുതുപിള്ള എന്നീ പുസ്തകങ്ങളിലെ കഥാ പത്രങ്ങൾ പങ്കെടുക്കുന്ന സംവാദങ്ങൾ നടക്കും. 12 ന് സലിം അലിയുടെ ജന്മദിനത്തിൽ കൽപറ്റയിൽ പക്ഷി മേളയുടെ മുന്നോടിയായുള്ള വിളംബര ജാഥാ നടക്കും. സ്‌കൂൾ കുട്ടികൾക്കും പൊതു ജനങ്ങൾക്കും പ്രദർശനം സൗജന്യമാണ്.