അടച്ചുകെട്ടിയ പഞ്ചായത്ത് റോഡ് തുറക്കണമെന്ന് ആവശ്യം, അടച്ചുകെട്ടിയത് ദേശീയപാതയിലേക്ക് പ്രവേശക്കുന്നതിനുള്ള എളുപ്പ വഴി
പുതുക്കാട് : ദേശീയപാത നാലുവരിയായി വികസിപ്പിച്ചതോടെ അടച്ചുകെട്ടിയ റോഡ് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തം. ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതുവരെ കാൽനടക്കാരും വാഹനങ്ങളും സഞ്ചരിച്ചിരുന്നതാണ് റോഡ്. ദേശീയപാത നാലുവരിയായി വികസിപ്പിച്ചതോടെ റോഡ് ദേശീയപാതയുടെ സർവീസ് റോഡിൽ ചേരുന്ന ഭാഗത്ത് എട്ടടിയോളം ഉയർന്നു. ഇതോടെ ദേശീയപാത കരാർ കമ്പനി റോഡിന്റെ വശം കോൺക്രീറ്റ് ചെയ്ത് താഴേക്ക് ചവിട്ടുപടികൾ കെട്ടി. ദേശീയപാത നാലുവരിയായി വികസിപ്പിക്കുമ്പോൾ ദേശീയപാതയിൽ പ്രവേശിപ്പിക്കുന്ന ഒരു റോഡും അടച്ചുകെട്ടില്ലെന്ന ദേശീയപാത അധികൃതർ സംസ്ഥാന സർക്കാരിന് നൽകിയ ഉറപ്പാണ് ഇവിടെ പാഴ് വാക്കായത്. അന്നത്തെ പഞ്ചായത്ത് അധികൃതരാകട്ടെ ഇതുകണ്ട ഭാവം നടിച്ചുമില്ല. പിന്നീട് നാട്ടുകാർ നിവേദനവുമായി എത്തിയപ്പോൾ പഞ്ചായത്ത് ഭൂമി അക്വയർ ചെയ്ത് കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചു. പഞ്ചായത്തുകളുടെ അനാസ്ഥയാണ് പതിറ്റാണ്ടുകളായി പൊതുജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു റോഡ് വിസ്മൃതിയിലാവാനിടയാക്കിയത്. പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം ആരംഭിക്കാനിരിക്കെ ഇരു വശത്തും സർവീസ് റോഡുകൾ വീതികൂട്ടി പുനർനിർമ്മിക്കുന്നതിനൊപ്പം കൊട്ടിയടച്ച റോഡ് ഗതാഗതയോഗ്യമാക്കാൻ വേണ്ടത്ര സമർദ്ദം ചെലുത്താൻ പൊതുപ്രവർത്തകരും തദേശസ്ഥാപനങ്ങളും തയ്യാറാകണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.
പുതുക്കാട് ജംഗ്ഷനിലെ തിരക്ക് ഒഴിവാകും ദേശീയപാതയിൽ പഞ്ചായത്ത് ഓഫീസിന് എതിർവശത്ത് നിന്ന് ആരംഭിച്ച് റെയിൽവേ സ്‌റ്റേഷൻ റോഡിൽ പുതുക്കാട് ഫൊറോന പള്ളിയുടെ പടിഞ്ഞാറെ നടയിൽ എത്തുന്ന റോഡ് തുറന്നു കൊടുത്താൽ പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിലെ തിരക്കൊഴിവാക്കാം. റെയിൽവേ സ്‌റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന വാഹനങ്ങൾക്ക് സിഗ്‌നൽ കാത്തുകിടക്കാതെ എളുപ്പത്തിൽ സർവീസ് റോഡിൽ എത്തിച്ചേരാവുന്നതാണ് റോഡ്.