ഡി.ജി.പിയുടെ പ്രസ്താവന വിവാദത്തിൽ, 'ഥാറും ബുള്ളറ്റും ഉള്ളവർ പ്രശ്‌നക്കാർ'
ചണ്ഡിഗർ: ഥാർ, ബുള്ളറ്റ് തുടങ്ങി ചില വാഹനങ്ങൾ ഉപയോഗിക്കുന്നവരെല്ലാം പ്രശ്നക്കാരാണെന്ന ഹരിയാന ഡി.ജി.പിയുടെ പരാമർശം വിവാദത്തിൽ. ഥാർ, ബുള്ളറ്റ് എന്നീ വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ക്രിമിനലുകളുമായി ബന്ധപ്പെടുത്തിയായിരുന്നു ഡി.ജി.പി ഒ.പി.സിംഗിന്റെ പരാമർശം. എല്ലാ വാഹനങ്ങളും പരിശോധിക്കാനായില്ലെങ്കിലും ഥാറോ ബുള്ളറ്റോ കണ്ടാൽ ഉറപ്പായും പരിശോധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതോടെ പരാമർശം വിവാദമായി.
സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചയുമായി. 'എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. ഥാർ ആണെങ്കിൽ എങ്ങനെ പരിശോധിക്കാതിരിക്കാനാകും. അല്ലെങ്കിൽ ബുള്ളറ്റ് മോട്ടർ സൈക്കിളാണെങ്കിൽ... എല്ലാ ക്രിമിനലുകളും അത്തരം കാറുകളും ബൈക്കുകളും ഉപയോഗിക്കുന്നുണ്ട്. വാഹനം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാർ ഓടിക്കുന്ന ആളുകൾ റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. ഒരു അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ മകൻ ഓടിച്ച ഥാർ ഒരാളെ ഇടിച്ചുവീഴ്ത്തി. അയാൾ മകനെ മോചിപ്പിക്കാൻ വിളിച്ചു. കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ചോദിച്ചു. കമ്മിഷണറുടെ പേരിലായിരുന്നു. അതിനാൽ അദ്ദേഹവും കുഴപ്പക്കാരനാണ്. നിങ്ങൾ പൊങ്ങച്ചം കാണിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും സിംഗ് പറഞ്ഞു. അഭിപ്രായം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഡി.ജി.പിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഥാറിൽ വാഹനത്തിന് മുകളിൽ ഇരുന്നു സഞ്ചരിക്കുന്ന സ്ത്രീയുടെയും ഥാറിൽ നിന്ന് ചിലർ മൂത്രമൊഴിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. അശ്രദ്ധമായി വാഹനമോടിക്കുകയും വൻ അപകടങ്ങളിൽ പെടുകയും ചെയ്ത നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.