ഗുരുഗ്രാമിൽ 17കാരന് നേരെ വെടിയുതിർത്ത് സഹപാഠി
ന്യൂഡൽഹി: ഗുരുഗ്രാമിൽ 11-ാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠി വെടിയുതിർത്തു. ഗുരുഗ്രാം സെക്ടർ 48ലെ സെൻട്രൽ പാർക്ക് റിസോർട്ട്‌സ് ഹൗസിംഗ് സൊസൈറ്റിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വെടിയേറ്റ 17കാരൻ ഗുരുതരാവസ്ഥയിലാണ്. സംഭവത്തിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെത്തു.
മുഖ്യപ്രതിയുടെ പിതാവിന്റെ പേരിലുള്ള തോക്കാണ് ഉപയോഗിച്ചത്. മൂവരും ഗുരുഗ്രാമിലെ യദുവംശി സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. സഹപാഠിയെ പ്രതികളിലൊരാളുടെ പിതാവ് വാടകയ്‌ക്കെടുത്ത അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വരാൻ മടിച്ച കുട്ടിയെ മുഖ്യപ്രതി വീട്ടിൽ നിന്ന് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അപ്പാർട്ട്‌മെന്റിലെത്തിയ ഉടൻ സഹപാഠിക്കു നേരെ വെടിയുതിർത്തു. പൊലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു തോക്കും 65 ഓളം തിരകളും അപ്പാർട്ട്‌മെന്റിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.