അവർ ആണവ  പരീക്ഷണം  നടത്തട്ടെ; നേരിടാൻ  തയ്യാർ: രാജ്‌നാഥ് സിംഗ്

Monday 10 November 2025 12:58 AM IST

ന്യൂഡൽഹി: ആണവായുധം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു ചെയ്യാമെന്നും ഏതു സഹചര്യമായാലും നേരിടാൻ രാജ്യം തയ്യാറാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

30 വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ, പാകിസ്ഥാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഭൂമിക്കടിയിൽ രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

പാകിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ആണവായുധം പരീക്ഷിക്കുന്നത് തുടർന്നാൽ യു.എസും ആണവ പരീക്ഷണം പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു.

പാകിസ്ഥാൻ ആണവ പരീക്ഷണം നടത്തിയാൽ ഇന്ത്യയും നടത്തുമോ എന്ന ചോദ്യത്തിന്, അവർ ചെയ്യുന്നുണ്ടോയെന്ന് ആദ്യം നോക്കാം എന്നായിരുന്നു രാജ്നാഥ് സിംഗിന്റെ മറുപടി. പാകിസ്ഥാന്റെ ആണവായുധ പരീക്ഷണങ്ങളെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. രഹസ്യവും നിയമവിരുദ്ധവുമായ ആണവ പരീക്ഷണങ്ങൾ പാകിസ്ഥാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കള്ളക്കടത്ത്, കയറ്റുമതി നിയന്ത്രണ ലംഘനങ്ങൾ, രഹസ്യ പങ്കാളിത്തങ്ങൾ, എ.ക്യു ഖാൻ ശൃംഖല എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ് പാകിസ്ഥാന്റെ ആണവ ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ ആരോപണം പാകിസ്ഥാൻ നിഷേധിച്ചിരുന്നു. ആണവ പരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്ന് പാകിസ്ഥാൻ സ്വയം വിട്ടുനിൽക്കുകയാണെന്നും ഉന്നത പാക് ഉദ്യോഗസ്ഥൻ പറഞ്ഞു. ആണവ പരീക്ഷണം നടത്തിയ ആദ്യ രാജ്യം പാകിസ്ഥാനല്ലെന്നും ആദ്യം പുനരാരംഭിക്കുന്ന രാജ്യം തങ്ങളാകില്ലെന്നും വ്യക്തമാക്കി.