പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവം: വൻ പ്രതിഷേധം
ഭോപ്പാൽ: മദ്ധ്യപ്രദേശിലെ സർക്കാർ സ്‌കൂളിൽ പിന്നാക്കവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് നിലത്ത് പഴയ കടലാസിലിട്ട് ഉച്ചഭക്ഷണം വിളമ്പിയത് വിവാദമായി.
പാത്രങ്ങളും ജീവനക്കാരുമില്ലാത്തതിനാൽ ഒരാഴ്ചയായി ഇങ്ങനെയാണ് ഭക്ഷണം വിളമ്പിയതെന്നും കണ്ടെത്തി. ഇതോടെ വൻ പ്രതിഷേധമാണുയർന്നത്.
ഷിയോപുർ ജില്ലയിലെ ഹുല്ലാപുർ സർക്കാർ സ്‌കൂളിലാണ് സംഭവം. കുട്ടികൾ നിലത്തിരുന്ന്കടലാസിൽ ഭക്ഷണം കഴിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്‌പെൻഡ് ചെയ്തു. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്‌കൂളിന്റെ ചുമതലയുള്ള ഭോഗിറാം ധാക്കഡിനെയും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സസ്‌പെൻഡ് ചെയ്തു. പ്രധാനമന്ത്രി ലജ്ജിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ദൃശ്യം തന്റെ ഹൃദയം തകർത്തെന്നും മദ്ധ്യപ്രദേശിലേക്ക് പോകുകയാണെന്നും പറഞ്ഞു. രാഹുലിന്റെ വിമർശനത്തിനുപിന്നാലെ ഇവിടെ കുട്ടികൾ പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.