ബീഹാർ രണ്ടാം ഘട്ട വോട്ടിംഗ് നാളെ മിഥിലാഞ്ചൽ, സീമാഞ്ചൽ നിർണായകം
പരസ്യ പ്രചാരണം അവസാനിച്ചു
ന്യൂഡൽഹി: നാളെ നടക്കുന്ന രണ്ടാം ഘട്ട വോട്ടിംഗിനുള്ള പരസ്യ പ്രചാരണം പൂർത്തിയായതോടെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടത്തിലേക്ക്. കഴിഞ്ഞ തവണ ബി.ജെ.പി നേട്ടമുണ്ടാക്കിയ മിഥിലാഞ്ചൽ മേഖലയും കോൺഗ്രസ്-ആർ.ജെ.ഡി കക്ഷികൾ പ്രതീക്ഷയർപ്പിക്കുന്ന സീമാഞ്ചൽ, മഗഥ് മേഖലകളിലും നാളെ ജനവിധിയെഴുതും. ബിഹാർ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന മേഖലകളാണിത്. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 14നാണ് വോട്ടെണ്ണൽ. ജനവിധി തേടുന്നത് 1,302 സ്ഥാനാർത്ഥികൾ (1,165 പുരുഷന്മാരും 136 സ്ത്രീകളും ഒരു ട്രാൻസ‌്‌ജെൻഡറും).
ബി.ജെ.പിയെ തുണച്ച
മേഖലകൾ
122 സീറ്റുകളിൽ 2020ൽ ബി.ജെ.പി ജയിച്ച 42 മണ്ഡലങ്ങൾ ഉൾപ്പെടുന്നു. ആർ.ജെ.ഡി-33, ജെ.ഡി.യു-20, കോൺഗ്രസ്-11, ഇടത്-5.
ഇവയെല്ലം ബീഹാറിന്റെ മദ്ധ്യ, പടിഞ്ഞാറൻ, വടക്കൻ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഇതിൽ തിർഹട്ട്, സരൺ, വടക്കൻ മിഥിലാഞ്ചൽ മേഖലകൾ പരമ്പരാഗതമായി ബി.ജെ.പി ആധിപത്യം പുലർത്തുന്നവയാണ്. ഗയ, ഔറംഗാബാദ്, നവാഡ, ജെഹനാബാദ്, അർവാൾ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന മഗഥ് മേഖലയിലാണ് പ്രതിപക്ഷ മഹാസഖ്യത്തിന് പ്രതീക്ഷ. ജനസംഖ്യയുടെ 17 ശതമാനവും മുസ്ലിങ്ങളുടെ വലിയൊരു ഭാഗവും താമസിക്കുന്നത് സീമാഞ്ചൽ ജില്ലകളിലാണ്. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് ഇവർക്കിടയിൽ നല്ല സ്വാധീനമുണ്ട്. കോൺഗ്രസിനും ഇവിടെ പ്രതീക്ഷയേറെ. ഈ മേഖലകളിലെല്ലാം പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് എത്ര വോട്ടു പിടിക്കുമെന്നതും നിർണായകം.
ആത്മവിശ്വാസത്തിൽ
മുന്നണികൾ
പോളിംഗ് ശതമാനം കൂടിയത് ഭരണകക്ഷിക്കുള്ള പിന്തുണ തെളിയിക്കുന്നതാണെന്ന് എൻ.ഡി.എയും ഭരണവിരുദ്ധ തരംഗത്തിന്റെ പ്രതിഫലനമാണെന്ന് മഹാസഖ്യവും അവകാശപ്പെടുന്നു. രണ്ടാം ഘട്ടത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ റാലികൾ സംഘടിപ്പിച്ചാണ് എൻ.ഡി.എ പ്രചാരണം സജീവമാക്കിയത്. മഹാസഖ്യത്തിനായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവിന് പുറമേ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സാന്നിദ്ധ്യവും ശ്രദ്ധേയമായി. ഇരുമുന്നണികൾക്കും ഭീഷണിയായി ജൻസൂരജ് പാർട്ടിയുടെ പ്രശാന്ത് കിഷോറും.