കോൺഗ്രസ് എം.എൽ.എയുടെ 64 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Monday 10 November 2025 12:05 AM IST

മംഗളൂരു: ഉത്തര കന്നടയിലെ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയ്ലിന്റെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)​.ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. 2010ൽ കർണാടക ലോകായുക്ത കേസ് അന്വേഷിച്ചപ്പോൾ, ബെല്ലാരിയിൽ നിന്ന് ബെലെക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടൺ നിയമവിരുദ്ധമായി കടത്തിയ ഇരുമ്പയിര് കണ്ടെത്തിയതായി ഇഡി പറഞ്ഞു.

ആഗസ്റ്റ് 13,14 തീയതികളിൽ കാർവാർ, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഏജൻസി റെയ്ഡ് നടത്തി. എസ്എംഎസ്പിഎല്ലിന്റെ എംഡി എന്ന നിലയിൽ സെയിൽ, വിവിധ വിതരണക്കാരിൽ നിന്ന് ഏകദേശം 1.54 ലക്ഷം മെട്രിക് ടൺ തൂക്കം വരുന്ന ഇരുമ്പയിര് വാങ്ങിയതായി ഇ.ഡി പറയുന്നു. സതീഷ് കൃഷ്ണ സെയിൽ, തുറമുഖ കൺസർവേറ്ററുമായി ചേർന്ന് നിയമവിരുദ്ധമായി സംഭരിച്ച ഇരുമ്പയിര് എംവി കൊളംബിയ, എംവി മന്ദാരിൻ ഹാർവെസ്റ്റ് തുടങ്ങിയ കപ്പലുകൾ വഴി ചൈനയിലേക്ക് കയറ്റുമതി ചെയ്തതായും ഹോങ്കോങ്ങിൽ മറ്റൊരു കമ്പനി തുറന്നുവെന്നും ഇഡി പറയുന്നു.

സെയ്ലിനെ സെപ്തംബറിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.