'മദ്യപാനത്തില്‍' വിട്ടുവീഴ്ചയില്ല; പിഴ നല്‍കേണ്ടി വരിക 27,000 രൂപ, ഈ മേഖലയ്ക്ക് വെല്ലുവിളി
സഞ്ചാരികള്‍ക്ക് വെല്ലുവിളിയായി പുതിയ മദ്യ നിയമങ്ങള്‍
കൊച്ചി: സഞ്ചാരികളുടെ മദ്യപാനത്തിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ നടപടി ടൂറിസം മേഖലയ്ക്ക് വെല്ലുവിളിയാകുന്നു. മദ്യത്തിന്റെ വില്‍പ്പനയ്ക്കും ഉപഭോഗത്തിനും നിരോധനമുള്ള നിശ്ചിത സമയത്ത് പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്ന സഞ്ചാരികളില്‍ നിന്ന് 27,000 രൂപ(10,000 ബാത്ത്) വരെ പിഴ ഈടാക്കുമെന്ന് ആല്‍ക്കഹോളിക് ബിവറേജ് നിയന്ത്രണ നിയമങ്ങളില്‍ വരുത്തിയ ഭേദഗതിയില്‍ പറയുന്നു. പുതിയ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച മുതല്‍ നടപ്പിലായി. 1972ന് ശേഷം തായ്‌ലന്‍ഡ് മദ്യ നയത്തില്‍ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയാണിത്.
നിശാ ആഘോഷങ്ങളെയും മദ്യശാലകളെയും ഏറെ ആശ്രയിക്കുന്ന തായ്ലന്‍ഡിലെ ടൂറിസം മേഖലയ്ക്ക് തീരുമാനം കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. തായ്‌ലന്‍ഡിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 20 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണ്. ചെറുകിട റെസ്റ്ററന്റുകള്‍ മുതല്‍ വന്‍ കിട ഹോട്ടലുകാരും ടൂര്‍ ഓപ്പറേറ്റര്‍മാരും തീരുമാനത്തിനെതിരെ രംഗത്തെത്തി.
എന്താണ് മാറ്റം
സൂപ്പര്‍മാര്‍ക്കറ്റുകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും പതിറ്റാണ്ടുകളായി ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അഞ്ച് മണി വരെ മദ്യ വില്‍പ്പനയ്ക്ക് നിരോധനമുണ്ട്. പുതിയ നിയമ ദേദഗതിയില്‍ നിയന്ത്രണം വില്‍പ്പനക്കാരില്‍ നിന്ന് ഉപഭോക്താക്കളിലേക്ക് മാറുകയാണ്. അതായത് രണ്ട് മണിക്ക് മുന്‍പ് നിയമപരമായി വാങ്ങിയ ബിയര്‍ ഉപഭോക്താവ് നിയന്ത്രണമുള്ള സ്ഥലങ്ങളില്‍ വച്ച് കഴിച്ചാല്‍ പിഴ നല്‍കേണ്ടി വരും.
നിയന്ത്രണത്തിന് ഇളവുള്ള സ്ഥലങ്ങള്‍
ലൈസന്‍സുള്ള എന്റര്‍ടെയിന്‍മെന്റ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, സര്‍ട്ടിഫൈഡ് ടൂറിസ്റ്റ് സംവിധാനങ്ങള്‍, എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ എന്നിവിടങ്ങളില്‍ നിരോധന സമയത്തും മദ്യം നല്‍കാനാകും.