ഒരു മാസത്തെ 'ആക്രി' കച്ചവടം കേന്ദ്രത്തിന് കിട്ടിയത് 800 കോടി രൂപ ചന്ദ്രയാന്റെ ചെലവിനെക്കാൾ കൂടുതൽ

Monday 10 November 2025 12:37 AM IST

ന്യൂ‌ഡൽഹി: സർക്കാർ ഓഫീസുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളുടെ വിൽപ്പനയിലൂടെ കേന്ദ്ര സർക്കാരിന് കഴിഞ്ഞ മാസം മാത്രം 800 കോടി രൂപ ലഭിച്ചു. ചന്ദ്രയാൻ-3 പദ്ധതിയുടെ ചെലവിനേക്കാൾ കൂടുതലാണിത്. 615 കോടി രൂപയാണ് ചന്ദ്രയാൻ-3ന്റെ ബഡ്ജറ്റ്.

സർക്കാർ ഓഫീസുകളിലെ ഉപയോഗിക്കാത്ത പഴയ സാധനങ്ങൾ, ഉപയോഗിച്ച വാഹനങ്ങൾ, മാലിന്യങ്ങൾ എന്നിവ തരംതിരിച്ച് ലേലം ചെയ്താണ് വിൽക്കുന്നത്. 2021 മുതൽ ഓഫീസ് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നതിനും, പുനരുപയോഗം ചെയ്യുന്നതിനും, വിൽക്കുന്നതിനുമുള്ള ക്ലീൻലിനസ് മിഷൻ 2.0പദ്ധതി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരികയാണ്. ഇതുവരെ 4100 കോടി രൂപയുടെ വരുമാനം കേന്ദ്ര സർക്കാരിന് ലഭിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു.

928.84 ലക്ഷം ചതുരശ്ര അടി സ്ഥലത്തുനിന്ന് മാലിന്യ വസ്തുക്കൾ നീക്കം ചെയ്തു. പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുനരുപയോഗ യോഗ്യമാക്കി മാറ്റുകയും ചെയ്യും. കേന്ദ്രമന്ത്രിമാരായ മൻസുഖ് മാണ്ഡവ്യ, റാം മോഹൻ നായിഡു, ജിതേന്ദ്ര സിംഗ് എന്നിവർ പദ്ധതി നടപ്പിലാക്കിയ ഓഫീസുകൾ സന്ദർശിച്ചു.