ഭരണഘടനാ ഭേദഗതിക്ക് പാകിസ്ഥാൻ: അസിം മുനീറിനെ സംയുക്ത സേനാ മേധാവിയാക്കാൻ നീക്കം, പ്രതിഷേധം

Monday 10 November 2025 7:18 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കരസേനാ തലവൻ അസിം മുനീറിനെ സംയുക്ത സേനാ മേധാവിയായി നിയമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. 'ചീഫ് ഒഫ് ഡിഫൻസ് ഫോഴ്സസ്" (സി.ഡി.എഫ്) എന്ന പേരിൽ സംയുക്ത സേനാ മേധാവിയുടെ പദവി സൃഷ്ടിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിൽ അവതരിപ്പിച്ചു. പ്രത്യേക ഫെഡറൽ ഭരണഘടനാ കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന പ്രക്രിയകളുടെ പുനഃപരിശോധന, ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്ന് പ്രസിഡന്റിന് ആജീവനാന്ത പ്രതിരോധം തുടങ്ങിയവയും ബില്ലിൽ ശുപാർശ ചെയ്യുന്നു. ഫീൽഡ് മാർഷൽ പോലെ ഫൈവ് സ്റ്റാർ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥർക്ക് ആജീവനാന്തം പദവികൾ നിലനിറുത്താനും പ്രസിഡന്റിന് സമാനമായി അവർക്ക് പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധം നൽകാനും ബിൽ ലക്ഷ്യമിടുന്നു. ഫീൽഡ് മാർഷൽ റാങ്കിലുള്ള മുനീറിന്റെ അധികാരം കൂടുതൽ വ്യാപിപ്പിക്കാനുള്ള നീക്കമായാണ് വിലയിരുത്തൽ. അതേസമയം, ജനാധിപത്യ, ജുഡിഷ്യൽ വ്യവസ്ഥകളെ അട്ടിമറിച്ച് സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിൽ സെനറ്റിലും നാഷണൽ അസംബ്ലിയിലും (പാർലമെന്റിന്റെ അധോസഭ) പാസാകണം. പ്രസിഡന്റ് ഒപ്പിടുന്നതോടെ നിയമമാകും.