ഒട്ടകപ്പക്ഷികളെ കൊന്നൊടുക്കി കാനഡ

Monday 10 November 2025 7:19 AM IST

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫാമിൽ 300ലേറെ ഒട്ടകപ്പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി. എച്ച് 5 എൻ 1 പക്ഷിപ്പനിയുടെ വ്യാപനം തടയാനായിരുന്നു നടപടി. രണ്ട് പക്ഷികളിൽ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതോടെ കനേഡിയൻ ഇൻസ്‌പെക്ഷൻ ഏജൻസി പക്ഷികളെ കൂട്ടത്തോടെ ഇല്ലാതാക്കാൻ ഉത്തരവിടുകയായിരുന്നു. പക്ഷിപ്പനി മൂലം ഫാമിലെ 69 പക്ഷികൾ നേരത്തെ ചത്തിരുന്നു. അതേ സമയം, മാസങ്ങളോളം നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് അധികൃതർ കഴിഞ്ഞ ദിവസം പക്ഷികളെ കൊന്നത്. ഫാമിൽ ജീവനോടെയുള്ള പക്ഷികൾ വൈറസിനോട് പ്രതിരോധ ശേഷി കൈവരിച്ചവയാണെന്നും അവയെ ശാസ്ത്ര ഗവേഷണങ്ങൾക്ക് ഉപയോഗിക്കാമെന്നും അവയെ കൊല്ലരുതെന്നും കാട്ടി ഫാം ഉടമകൾ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ജനങ്ങളുടെയും മറ്റ് ജീവികളുടെയും സുരക്ഷ കണക്കിലെടുത്ത് ഉടമകളുടെ അപ്പീൽ കനേഡിയൻ സുപ്രീം കോടതി തള്ളുകയായിരുന്നു. അതേ സമയം, നടപടിക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്.

ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളിലും വളർത്തുപക്ഷികളിലും കഴിഞ്ഞ 25 വർഷമായി എച്ച് 5 എൻ 1 പക്ഷിപ്പനി കണ്ടുവരുന്നുണ്ട്. എന്നാൽ ഇവ സമീപ കാലത്ത് സസ്തനികളിലേക്കും പടർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. മനുഷ്യരിലേക്കും അപൂർവ്വമായി വൈറസ് പടരും.