ഡോക്യുമെന്ററി വിവാദം: ബി.ബി.സി മേധാവി രാജിവച്ചു

Monday 10 November 2025 7:19 AM IST

ലണ്ടൻ: ബി.ബി.സി ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സി.ഇ.ഒ ഡെബോറ ടർണെസും രാജിവച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പറ്റിയുള്ള ബി.ബി.സി ഡോക്യുമെന്ററിയിലെ എഡിറ്റിംഗ് വിവാദത്തെ തുടർന്നാണ് രാജി. 2021 ജനുവരിയിലെ കാപിറ്റോൾ കലാപത്തിന് ട്രംപ് ആഹ്വാനം നൽകിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അദ്ദേഹത്തിന്റെ പ്രസംഗത്തിലെ രണ്ട് വ്യത്യസ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം. ബോധപൂർവ്വം സംഭവിച്ചതല്ലെന്നാണ് ബി.ബി.സി നേരത്തെ വിശദീകരിച്ചത്. ചില തെറ്റുകൾ സംഭവിച്ചെന്നും ഡയറക്ടർ ജനറൽ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഡേവി ഇന്നലെ രാജിക്കത്തിൽ വ്യക്തമാക്കി. 2020ലാണ് ഡേവി ബി.ബി.സിയുടെ തലപ്പത്തെത്തിയത്. 2024 നവംബറിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്.