കോപ് 30 ഉച്ചകോടി ഇന്ന് മുതൽ
ബ്രസീലിയ: ഐക്യരാഷ്‌ട്ര സംഘടനയുടെ (യു.എൻ) കാലാവസ്ഥാ ഉച്ചകോടിയായ 'കോപ് 30" ഇന്ന് ബ്രസീലിലെ ബെലെം നഗരത്തിൽ തുടങ്ങും. 21ന് അവസാനിക്കും. ആമസോൺ വനാന്തരങ്ങളിലേക്കുള്ള കവാടമാണ് ബെലെം. വന സംരംക്ഷണത്തിന്റെ പ്രാധാന്യവും പ്രകൃതിയും കാലാവസ്ഥയും തമ്മിലെ ബന്ധവും എടുത്തുകാട്ടുന്നതിനാണ് ബെലെത്തെ ഉച്ചകോടിയുടെ വേദിയായി തിരഞ്ഞെടുത്തത്. കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സുരക്ഷ, ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം, പുനരുപയോഗ ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയാകും. ബ്രസീൽ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ അദ്ധ്യക്ഷത വഹിക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് തുടങ്ങിയ ലോക നേതാക്കൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കും. യു.എസിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ ഉന്നത ഫെഡറൽ ഉദ്യോഗസ്ഥരോ ഉച്ചകോടിയിൽ പങ്കെടുക്കില്ല.