തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് 12 മണിയ്‌ക്ക്, വൻ ആത്മവിശ്വാസത്തിൽ മുന്നണികൾ, നാലിരട്ടി സീറ്റ് വർദ്ധിക്കുമെന്ന് ബിജെപി
തിരുവനന്തപുരം: സംസ്ഥാനത്തെ 1199 തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടാകും. ആകെ 23,576 വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എം.ഷാജഹാൻ നടത്തും. പ്രഖ്യാപനം വന്നാലുടൻ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യുഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന.
തിരുവനന്തപുരം നഗരസഭയടക്കം പിടിക്കാനും മൂന്നിരട്ടി സീറ്റുകൾ നേടാനുമാണ് ബിജെപി ശ്രമം. എൻഡിഎ സംസ്ഥാനത്ത് നാലിരട്ടി സീറ്റുകൾ ഇത്തവണ നേടുമെന്നാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. തലസ്ഥാന നഗരസഭാ ഭരണം പിടിക്കുന്നതിന് ആദ്യം കോൺഗ്രസും പിന്നീട് ബിജെപിയും ഇതിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ എംഎൽഎ ശബരീനാഥനെ മുൻനിർത്തി നഗരസഭയിലെ നഷ്‌ടമായ പ്രതാപം മടക്കിക്കൊണ്ടുവരാനും ഭരണം കൈപ്പിടിയിലാക്കാനുമാണ് കോൺഗ്രസ് ശ്രമം. 63 സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു.
67ഓളം സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതിനകം പ്രഖ്യാപിച്ചത്. മുൻ ഡിജിപി ആർ ശ്രീലേഖ, കായിക മേഖലയിൽ നിന്ന് പത്മിനി തോമസ്, നേതാക്കളായ വി വി രാജേഷ്, കരമന അജിത്ത് എന്നിങ്ങനെ പരിചയസമ്പന്നരായ വലിയൊരു നിരയെത്തന്നെ ബിജെപി തലസ്ഥാന നഗരിയിൽ അണിനിരത്തുന്നു. ഇടതുപക്ഷവും ശക്തരായ ജില്ലാ നേതാക്കളെ തന്നെയാകും രംഗത്തിറക്കുക.
തിരഞ്ഞെടുപ്പിന് പൂർണസജ്ജമാണെന്നും അതിദാരിദ്രമുക്തമായ കേരളത്തിന്റെ പ്രഖ്യാപനമടക്കം ഗുണം ചെയ്യുമെന്നുമാണ് ഇടത് മുന്നണി കൺവീനർ ടി പി രാമകൃഷ്‌ണൻ അഭിപ്രായപ്പെട്ടത്. എന്നാൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് 87 നഗരസഭകളിൽ 44 എണ്ണം ഇടതുപക്ഷവും 41 എണ്ണം യുഡിഎഫും രണ്ടെണ്ണം ബിജെപിയുമാണ് ഭരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ11ലും ഇടത് ഭരണമാണ്. മൂന്നിടത്താണ് യുഡിഎഫ്.
ബ്ളോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ് സംസ്ഥാനത്തുള്ളത്.152 ബ്ളോക്കുകളിൽ 113ഉം ഇടതുമുന്നണിയാണ്. 38 ഇടങ്ങളിലാണ് യുഡിഎഫ്. 941 ഗ്രാമപഞ്ചായത്തുകളിൽ 571ഉം ഇടതിനൊപ്പമാണ്. 351ൽ യുഡിഎഫും എൻഡിഎ 12ഉം മറ്റുള്ളവർ ഭരിക്കുന്നത് ഏഴുമാണ്.