ബംഗളൂരു വിമാനത്താവളത്തിനുള്ളിൽ കൂട്ടമായി നിസ്‌കാരം നടത്തി, രൂക്ഷ വിമർശനവുമായി ബിജെപി

Monday 10 November 2025 9:04 AM IST

ബംഗളൂരു: വിമാനത്താവളത്തിനുള്ളിൽ അതീവ സുരക്ഷാ മേഖലയിൽ നിസ്‌കാര പ്രാർത്ഥന നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി. അതീവ സുരക്ഷാ മേഖലയിൽ ഇത്തരമൊരു സംഭവം എങ്ങനെ നടന്നുവെന്ന് ബിജെപി വക്താവ് വിജയ് പ്രസാദ് ചോദ്യമുന്നയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഐടി മന്ത്രി പ്രിയാങ്ക് ഖാർഗെ എന്നിവർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നുമാണ് ബിജെപി ആവശ്യം.

ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിലാണ് നിസ്‌കാരം നടന്നത്. ഇതിന്റെ ചിത്രങ്ങൾ വളരെപെട്ടെന്ന് ശ്രദ്ധനേടി. 'വൻ സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിലെ ഈ മേഖലയിൽ നിസ്‌കാരം നിർവഹിക്കാൻ ഈ വ്യക്തികൾ മുൻപ് അനുമതി വാങ്ങിയിരുന്നോ? ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വാങ്ങിയശേഷം ആർഎസ്എസ് പഥസഞ്ചലനം നടത്തുമ്പോൾ സർക്കാർ എതിർപ്പ് പ്രകടിപ്പിക്കുകയും നിയന്ത്രണമുള്ള സ്ഥലത്ത് ഇത്തരം പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്നതെന്താണ്?' വിജയ് പ്രസാദ് എക്‌സിൽ കുറിച്ചു.

ഏത് സ്വകാര്യ സംഘടനകളും പൊതുഇടത്തിൽ പരിപാടി സംഘടിപ്പിക്കുന്നതിന് മുൻപ് പ്രാദേശിക ഭരണകൂടത്തോട് അനുമതി വാങ്ങണം എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം പുറത്തുവന്നത്. ആർഎസ്‌എസിനെയല്ല ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നോ എന്നത് ഇനിയും വ്യക്തമല്ല.