മോഷണം പോയ ഫോൺ കണ്ടെത്താൻ ശ്രമിച്ചു, ചെന്നൈയിൽ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനും സുഹൃത്തിനും ക്രൂരമർദ്ദനം

Monday 10 November 2025 9:56 AM IST

ചെന്നൈ: മോഷണം പോയ ഫോൺ കണ്ടെത്താൻ ശ്രമിച്ച മലയാളി ആർപിഎഫ് ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ക്രൂരമായി മർദ്ദിച്ച രണ്ടുപേർ പിടിയിൽ. ബർമ ബസാറിലെ കച്ചവടക്കാരായ ചന്ദ്രു, ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയ്ക്കും തിരുവനന്തപുരം മെയിലിലെ എസി മെക്കാനിക്കുമായ കാർത്തിക്കിനുമാണ് മർദ്ദനമേറ്റത്. ഇരുവരും ചികിത്സയിലാണ്. ഒരാഴ്ച മുൻപായിരുന്നു സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലിടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ട്രെയിനിൽ വച്ചാണ് കാർത്തിക്കിന് ഫോൺ നഷ്ടമായത്. ആർപിഎഫ് ഉദ്യോഗസ്ഥർ ഫോൺ ട്രാക്കർ അപ്ലിക്കേഷന്റെ സഹായത്തോടെ ബർമ ബസാറിൽ ഫോണുളളതായി കണ്ടെത്തുകയായിരുന്നു. ഇതിലേക്ക് വിളിച്ചപ്പോൾ പണം തന്നാൽ തിരികെ നൽകാമെന്ന് ഒരാൾ പറഞ്ഞു. ഒടുവിൽ പണം നൽകി ഫോൺ തിരികെ വാങ്ങാനാണ് കാർത്തിക്കിനെയും കൂട്ടി ആർപിഎഫ് ഉദ്യോഗസ്ഥൻ ബർമ ബസാറിലെത്തിയത്.

എന്നാൽ, കാർത്തിക്കിന്റെ ഫോൺ നൽകാൻ കടയിലുണ്ടായിരുന്നയാൾ തയാറായില്ല. അയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകളും ആർപിഎഫ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് മനസിലാക്കിയതോടെ അവിടെയുണ്ടായിരുന്നവർ രണ്ടുപേരെയും വളഞ്ഞ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആർപിഎഫ് ഉദ്യോഗസ്ഥന്റെ മുഖത്തും നെഞ്ചിലും വയറിലും പരിക്കേറ്റു. ബർമ ബസാറിൽ പൊലീസ് കടക്കാൻ അനുവദിക്കില്ലെന്ന് പറ‍ഞ്ഞായിരുന്നു ആക്രമണം. രണ്ടുപേരെയും തല്ലിക്കൊല്ലാൻ ആളുകൾ പറയുന്നതും പുറത്തുവന്ന വീഡിയോയിലുണ്ട്.

ഇരുവരും പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ നോർത്ത് ബീച്ച് റോഡ് പൊലീസ് തയ്യാറായില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. അതേസമയം, ബർമ ബസാറിൽ കച്ചവടത്തിന്റെ മറവിൽ അനധികൃത ഇടപാടുകൾ നടക്കുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.