കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനം നടത്തി സുചിത്ര മോഹൻലാലും മകളും; ചിത്രങ്ങൾ വെെറൽ

Monday 10 November 2025 11:32 AM IST

നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്‌മയയും കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി. സിനിമയിലേക്ക് വിസ്മയ കടക്കുന്നതിനിടെയാണ് ഇരുവരും ക്ഷേത്രത്തിൽ എത്തിയത്. ഈ വർഷം വളരെ സ്‌പെഷ്യലാണെന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു.

ഒക്ടോബർ 30നാണ് വിസ്‌മയ നായികയാകുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ ചടങ്ങ് കൊച്ചിയിൽ നടന്നത്. മോഹൻലാൽ, സുചിത്ര മോഹൻലാൽ, പ്രണവ് മോഹൻലാൽ എന്നിവരുടെ നിറസാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജൂഡ് ആന്തണി ജോസഫ് ആണ് നിർവഹിക്കുന്നത്. മഹാപ്രളയം ചിത്രീകരിച്ച 2018 എന്ന സിനിമയ്‌ക്കു ശേഷം ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

'തുടക്ക'ത്തിൽ വില്ലനുണ്ട്. എന്നാൽ നായകനില്ല. ചിത്രത്തിൽ മോഹൻലാലും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തുടക്കത്തിന്റെ പ്രധാന ലൊക്കേഷൻ തൊടുപുഴയാണ്. ജോമോൻ ടി ജോൺ ഛായാഗ്രഹണം നി‌ർവഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, ചമൻ ചാക്കോ ആണ് എഡിറ്റർ.

സിനിമയിൽ 'മീനു' എന്നാണ് വിസ്‌മയയുടെ കഥാപാത്രത്തിന്റെ പേര്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ യാനിക് ബെന്നും സ്റ്റണ്ട് സിൽവയുമാണ് ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലും ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ യാനിക് ബെൻ, കിക്‌ബോക് സിംഗ് ഉൾപ്പെടെ ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.