കാശ്മീർ ഡോക്ടറുടെ അറസ്റ്റിന് പിന്നാലെ പരിശോധന; ഡൽഹിക്ക് സമീപം ഉഗ്ര സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി
ഫരീദാബാദ്: തലസ്ഥാന നഗരത്തിന് തൊട്ടടുത്ത് നിന്ന് ഉഗ്ര സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. 350 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്, രണ്ട് തോക്കുകൾ എന്നിവയാണ് ഡൽഹിക്ക് തൊട്ടടുത്ത നഗരമായ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കണ്ടെത്തിയത്. ജമ്മു കാശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു ഇത്. ഉത്തർപ്രദേശിലെ സഹരൻപുരിൽ നിന്ന് കാശ്മീരി ഡോക്ടർ അറസ്റ്റിലായതിന് പിന്നാലെയാണ് ജമ്മു കാശ്മീർ പൊലീസ് പരിശോധന നടത്തിയത്. ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പങ്കുവച്ചതിനെ തുടർന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ഡോ. ആദിൽ അഹമ്മദ് തീവ്രവാദ ആശയങ്ങൾ പിന്തുടരുന്ന ആളാണെന്നാണ് റിപ്പോർട്ട്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഫരീദാബാദിൽ പരിശോധന നടത്താൻ ജമ്മു കാശ്മീർ പൊലീസ് തീരുമാനിച്ചത്. മുജമ്മിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ പക്കലായിരുന്നു സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഡോക്ടർ ജമ്മു കാശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ അൽഫലാഹ് ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്.
350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളോടൊപ്പം ടൈമറുകളും കണ്ടെത്തിയതായി ഫരീദാബാദ് പൊലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത പറഞ്ഞു. ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, ഒരു വാക്കി-ടോക്കി സെറ്റ് എന്നിവയും കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. ഒക്ടോബർ 27 ന് ശ്രീനഗറിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യേക്ഷപ്പെട്ടപ്പോഴാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഡോ. ആദിൽ അഹമ്മദ് പോസ്റ്റർ ഒട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ വരെ ആദിൽ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അനന്ത്നാഗിലെ ഇയാളുടെ ലോക്കർ പൊലീസ് പരിശോധിച്ചപ്പോൾ ഒരു അസോൾട്ട് റൈഫിൾ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഇയാൾ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്.