'ഓരോ യുഎസ് പൗരനും 2000 ഡോളർ വീതം നൽകും'; താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കിയെന്ന് ട്രംപ്

Monday 10 November 2025 11:42 AM IST

വാഷിംഗ്‌‌ടൺ: കടുത്ത താരിഫ് നയങ്ങൾ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിനെ എതിർക്കുന്നത് വിഡ്ഢികളാണെന്നും പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റിട്ടത്.

'താരിഫുകളെ എതിർക്കുന്നവർ വിഡ്ഢികളാണ്. നമ്മളിപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ബഹുമാനിക്കപ്പെടുന്നതുമായ രാജ്യമാണ്. പണപ്പെരുപ്പം ഇപ്പോഴില്ലേയില്ല. ഓഹരി വിപണി റെക്കാർഡ് വിലയിലുമാണ്. നമ്മൾ ട്രില്യൺ കണക്കിന് ഡോളറുകൾ നേടുന്നുണ്ട്. താമസിയാതെ നമ്മുടെ 37 ട്രില്യൻ ഡോളറിന്റെ ഭീമമായ കടം വീട്ടാൻ തുടങ്ങും. യുഎസ്‌എയിൽ റെക്കോർഡ് നിക്ഷേപമാണ് നടക്കുന്നത്. എല്ലായിടത്തും പ്ലാന്റുകളും ഫാക്‌ടറികളും ഉയർന്നുവരുന്നു. ഉയർന്ന വരുമാനമുള്ളവർ ഒഴികെ എല്ലാവർക്കും കുറഞ്ഞത് 2000 ഡോളർ (1.77 ലക്ഷം രൂപ) വീതം ലാഭവിഹിതം നൽകും' - ട്രംപ് കുറിച്ചു.

എന്നാൽ, ഈ ലാഭവിഹിതം എങ്ങനെ വിതരണം ചെയ്യുമെന്നോ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ ഉള്ള കാര്യത്തിൽ ട്രംപ് വിശദാംശങ്ങൾ നൽകിയിട്ടില്ല. താരിഫ് വരുമാനം ഉപയോഗിച്ച് 38.12 ട്രില്യൻ ഡോളർ രാജ്യത്തിന്റെ കടം വീട്ടുന്നതിലാണ് ഭരണകൂടത്തിന്റെ ശ്രദ്ധയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നേരത്തേ പറഞ്ഞിരുന്നു.