എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേ മാതരം ആലപിക്കുന്നത് നിർബന്ധമാക്കും; പുതിയ ഉത്തരവ് പുറത്ത്
ലക്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ ഗീതമായ 'വന്ദേ മാതരം' ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖോരക്‌പൂർ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വന്ദേ മാതരത്തിനെ എതിർക്കുന്നതിൽ അർത്ഥമില്ല. അതിനെ എതിർത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ദേശീയ ഗീതവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘർഷങ്ങൾക്കിടെയാണ് പ്രഖ്യാപനം. 1937ൽ വന്ദേമാതരത്തിലെ പ്രധാന വരികൾ ഒഴിവാക്കിയതാണ് വിഭജനത്തിന് കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗെത്തെത്തുകയും ചെയ്തു.
'വന്ദേമാതര'ത്തിന്റെ 150ാം വാർഷികാഘോഷ പരിപാടികൾക്ക് ഡൽഹിയിൽ തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുകയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ശബ്‌ദമായിരുന്നു 'വന്ദേ മാതരം'. അതിന്റെ ആത്മാവായ വരികൾ വെട്ടിച്ചുരുക്കിയവരുടെ വിഭജന മനോഭാവം രാജ്യത്തിന് വെല്ലുവിളി ഉയർത്തുകയാണെന്നാണ് മോദി പറഞ്ഞത്.
കോൺഗ്രസിന്റെ ദേശീയ സമ്മേളനങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ടു വരികൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937ലെ ഫായിസ്‌പൂർ സമ്മേളനത്തിലെ തീരുമാനത്തെയാണ് മോദി വിമർശിച്ചത്. ഹിന്ദു ദേവതകളെ രാജ്യത്തിന്റെ രക്ഷകരായി അവതരിപ്പിക്കുന്ന വരികളാണ് ഒഴിവാക്കിയത്. ന്യൂനപക്ഷ വിഭാഗത്തിന് അലോസരമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശമായിരുന്നു ഇന്ത്യാ വിഭജനത്തിന് വിത്ത് പാകിയതെന്നും മോദി ആരോപിച്ചിരുന്നു.