'അക്കാര്യത്തിൽ മമ്മൂട്ടി വ്യത്യസ്തനാണ്, അഭിനയത്തിൽ നിന്ന് നേട്ടങ്ങളൊന്നും ഉണ്ടായില്ല'; തുറന്നുപറഞ്ഞ് സഹോദരൻ
സീരിയലുകളിലൂടെ സജീവമായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പൊതുകാര്യങ്ങളിൽ തന്റേതായ നിലപാടുകൾ വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ താൻ വളർന്ന സാഹചര്യങ്ങളെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഇബ്രാഹിം കുട്ടി ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.
'ഞാൻ 2000ലാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. 25 വർഷം തികയുന്നു. അഭിനയത്തിൽ നിന്ന് വലിയ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. പ്രശസ്തി മാത്രമേ ഉണ്ടായിട്ടുളളൂ. വലിയ സിനിമകളൊന്നും ചെയ്തിട്ടില്ല. ഭാഗ്യം വേണമല്ലോ. എവിടെയെങ്കിലും അടങ്ങി ഒതുങ്ങി ഇരിക്കാൻ ഇതുവരെയായിട്ടും എന്റെ മക്കൾ പറഞ്ഞിട്ടില്ല. പ്രായമാകുകയാണ്. എല്ലാ കാര്യങ്ങളിലും ആക്ടീവായി നിൽക്കാനാണ് മക്കൾ പറയുക. ഭക്ഷണത്തിൽ സ്വയം നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ആർഭാടമായിട്ടൊന്നും കഴിക്കില്ല. വർക്കൗട്ട് വലുതായിട്ടൊന്നും ചെയ്യില്ല. സീരിയലുകളിൽ സജീവമാണ്. സിനിമയിലും സീരിയലുകളിലും നല്ല രീതിയിലുളള സൗഹൃദമുണ്ട്. അല്ലാതെ സ്ഥിരമായൊരു സൗഹൃദങ്ങളൊന്നുമില്ല.
ഞങ്ങളുടേത് മതപരമായി ജീവിക്കുന്ന ഗ്രാമീണ പശ്ചാത്തലമുളള ഒരു കുടുംബമാണ്. പക്ഷെ ഞങ്ങളുടെ താൽപര്യങ്ങൾക്കും ചിന്തകൾക്കും കുരുക്കിടാൻ വീട്ടുകാർ ശ്രമിച്ചിട്ടില്ല. പിതാവ് തന്നെയാണ് ഞങ്ങളെ ചെറുപ്പത്തിൽ സിനിമ കാണിക്കാൻ കൊണ്ടുപോയിരുന്നത്.സെക്കൻഡ്‌ഷോ കാണാനും പോയിട്ടുണ്ട്. അങ്ങനെ ഞങ്ങളിലേക്ക് സിനിമ വരികയായിരുന്നു. ഞാൻ അപ്രതീക്ഷിതമായാണ് സിനിമയിലെത്തിയത്. പക്ഷെ അക്കാര്യത്തിൽ ചേട്ടൻ വ്യത്യസ്തനാണ്. അദ്ദേഹം സിനിമയിലെത്താൻ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ മക്കൾ ഇതൊക്കെ കണ്ടാണ് വളർന്നത്. അവരുടെ റോൾ മോഡൽ മമ്മൂട്ടിയാണ്. മക്കളുടെ രക്തത്തിലും സിനിമയുണ്ട്.
ഞാൻ കൂടുതലും ജനങ്ങളുമായി ഇടപഴകാറുണ്ട്. സീരിയലുകൾ അങ്ങനെയാണല്ലോ. മമ്മൂട്ടിയുടെ അനുജനായതുകൊണ്ടും ആളുകൾ എന്നെ കാണാൻ വരാറുണ്ട്. മമ്മൂക്കയുടെ അനുജൻ എന്നുപറയുന്നത് എനിക്കൊരു അംഗീകാരമാണ്. അത് ഐഡന്റിറ്റിയാണ്. അതൊരു സുഖമാണ്. സമൂഹത്തിൽ എനിക്ക് സെൽഫിയെടുക്കാൻ ചമ്മലാണ്. പക്ഷെ അത് എന്റെ അഹങ്കാരമാണെന്ന് പറയുന്നവരുമുണ്ട്'- ഇബ്രാഹിം കുട്ടി പറഞ്ഞു.