അൽഷിമേഴ്‌സ് രോഗം ഇനി ഒട്ടകം മാറ്റും, അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ, സഹായമായത് ഒരു ഗുണം

Monday 10 November 2025 1:27 PM IST

മനുഷ്യന്റെ ഓർമ്മയും ചിന്താശേഷിയും പാടേനശിപ്പിച്ച് വളരെ മെല്ലെ മരണകാരണമാകുന്ന രോഗമാണ് അൽഷിമേഴ്‌സ് അഥവാ സ്‌മൃതിനാശം. ഡിമെൻഷ്യ അഥവാ മേധാക്ഷയത്തിന്റെ ഏറ്റവുമധികം കാണപ്പെടുന്ന വിഭാഗമാണ് അൽഷിമേഴ്‌സ്. നമ്മുടെ നാട്ടിൽ സാധാരണയായി ഏറെ പ്രായമായവരിൽ ആണ് ഇത് കാണപ്പെടുന്നത്. ആറ്-ഏഴ് കൊല്ലങ്ങളോളം ഈ രോഗവുമായി രോഗി ജീവിക്കും. പരിചരണം നന്നായി ലഭിക്കുന്ന ചിലർ പതിറ്റാണ്ടുകൾ ഈ രോഗവുമായി പിന്നിടാറുമുണ്ട്. പ്രതിവിധി കൃത്യമായി ഇല്ലാത്ത ഈ രോഗത്തെ തടഞ്ഞുനിർത്തുന്നതെങ്ങനെ എന്ന് ചിന്തിക്കുകയാണ് ഏറെനാളായി മെഡിക്കൽ ഗവേഷകർ.

ഇപ്പോഴിതാ ഇക്കാര്യത്തിൽ ഒരു പ്രത്യാശയുടെ ചെറിയ വെളിച്ചം തെളിഞ്ഞുവരികയാണ്. ആ പ്രത്യാശ തരുന്നവരാകട്ടെ മരുഭൂമിയിലെ കപ്പലെന്നറിയപ്പെടുന്ന ഒട്ടകങ്ങളും. ഈ ജീവികളും അവയുടെ അതേ വർഗത്തിൽ പെടുന്ന അൽപഗ, ലാമ എന്നീ ജന്തുക്കളും എങ്ങനെ മനുഷ്യരെ രക്ഷിക്കുന്നുവെന്നാൽ ഇവയുടെ ശരീരത്തിലെ ആന്റിബോ‌ഡികളിൽ നാനോസ്‌കോപിക് പ്രോട്ടീനുകൾ നിർമ്മിക്കുന്നുണ്ട്. ഈ നേർത്ത പ്രോട്ടീനുകൾ അഥവാ നാനോബോഡികൾ മസ്‌തിഷ്‌കത്തെ ബാധിക്കുന്ന രോഗങ്ങളായ അൽഷിമേഴ്‌സ്, സ്‌കിസോഫ്രീനിയ തുടങ്ങിയവയിൽ നിന്ന് തലച്ചോറിനെ രക്ഷിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വൈറസുകൾ, മറ്റ് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്ന വിഷപദാർത്ഥങ്ങൾ എന്നിവയിൽ നിന്നും ശരീരത്തെ രക്ഷിക്കുന്നതിന് രോഗപ്രതിരോധ സംവിധാനം ഉപയോഗിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികൾ. ഇവയുടെ അൽപംകൂടി ലഘുവായ തരം വസ്‌തുക്കളാണ് നാനോബോഡികൾ. ഇവയ്‌ക്ക് ഒരു വൈറസിന്റെ പ്രതിരോധ സംവിധാനങ്ങൾക്കിടയിൽ കയറി അവയെ നിർവീര്യമാക്കാൻ കഴിയും. ഇത് പ്രകൃതിദത്തമായി കാണപ്പെടുന്ന രണ്ട് വർഗങ്ങൾ ലോകത്തുണ്ട്. ഒന്ന് ഒട്ടകങ്ങൾ അടങ്ങിയ ക്യാമലിഡ് കുടുംബം മറ്റൊന്ന് സ്രാവുകളാണ്. പ്രകൃതിദത്തമായി കാണുന്ന ഈ നാനോബോഡികളെ വീണ്ടും ഗവേഷണശാലകളിൽ പത്തിലൊന്നായി ചെറുതാക്കിയാണ് മനുഷ്യരുടെ ചികിത്സയ്‌ക്ക് ഉപയോഗിക്കുക.

ഫ്രാൻസിലെ സെന്റർ നാഷണൽ ഡെ ല റിസെർച്ചെ സൈന്റിഫിക്കിൽ (സിഎൻആർഎസ്) നിന്നുള്ള ഗവേഷകർ പുറത്തുവിടുന്ന വിവരമനുസരിച്ച് ഈ വലുപ്പം കുറഞ്ഞ നാനോബോഡികൾ തലച്ചോറിൽ പാർശ്വഫലങ്ങൾ കുറഞ്ഞ ചികിത്സ നൽകാൻ അനുയോജ്യമാണ്. നിലവിൽ നാനോബോഡി തെറാപ്പികൾ ശരീരത്തിലെ മറ്റ് നാല് ഭാഗങ്ങളിൽ ചികിത്സിക്കാനേ അനുമതി ലഭിച്ചിട്ടുള്ളൂ.

ഒട്ടകങ്ങളിലെ നാനോബോഡികൾ നിലവിൽ ഇൻഫ്ളുവൻസ എ, ഇൻഫ്ലുവൻസ ബി, നോറോവാറസ്, കൊവിഡ് എന്നിവയ്‌ക്കും എച്ച്ഐവി ചികിത്സയ്‌ക്കും ഉപയോഗിക്കുന്നുണ്ട്. എന്നാൽ സ്‌മൃതിനാശത്തെ പിടിച്ചുകെട്ടാനും ഇവയെ ഉപയോഗിക്കാം എന്ന് സൂചനലഭിച്ചത് അടുത്തിടെയാണ്.

ഒട്ടകങ്ങളുടെ നാനോബോഡികളെ മനുഷ്യശരീരത്തിൽ ഉപയോഗിക്കാൻ കഴിയില്ല എന്നാണ് ഇതുവരെ കരുതിയിരുന്നത്. കാരണം നമ്മുടെ വൃക്കകൾ രക്‌തത്തിൽ പുറമേനിന്നും എത്തുന്ന ഏതൊരു വസ്‌തുവിനെയും ഉടനെ പുറന്തള്ളും. ഇതിനാലാണ് ഈ നാനോബോഡികളെ പരീക്ഷണശാലകളിൽ വച്ച് വീണ്ടും മാറ്റം വരുത്തിയത്. ഇതുവഴി അവ രക്തത്തിൽ ചേരുകയും അൽഷിമേഴ്‌സ് രോഗമുണ്ടാക്കുന്ന ഭാഗങ്ങളെ രക്ഷിക്കുകയും ചെയ്യും.

'രക്തത്തിലെയും തലച്ചോറിലെയും തടസങ്ങളെ മറികടക്കാൻ രൂപപ്പെടുത്തുന്ന മരുന്നുകൾക്ക് ഹൈഡ്രോഫോബിക് സ്വഭാവമുണ്ട്. ഇവയുടെ ന്യൂനത ചിലപ്പോൾ പാർശ്വഫലങ്ങളുമുണ്ടാക്കാം. എന്നാൽ ഒട്ടകങ്ങളിലെ നാനോബോഡികൾ ലയിച്ചുപോകുന്ന ചെറിയ പ്രോട്ടീനുകളാണ് ഇവക്ക് തലച്ചോറിലേക്ക് പ്രവേശിക്കാൻ കഴിയും.' ഗവേഷണസംഘത്തിലെ ഫംഗ്‌ഷണൽ ജീനോമിസ്റ്റ് പിയറി ആൻ‌‌‌ഡ്രേ ലാഫോൺ പറയുന്നു.

എന്നാൽ ഇവ എങ്ങനെയാണ് രക്തപര്യയന വ്യവസ്ഥയിൽ കടക്കുന്നതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. എത്രനാൾ തലച്ചോറിൽ ഇവ പ്രവർത്തിക്കും എന്നതും കണ്ടെത്തേണ്ട വിവരമാണ്. എത്ര ഉപയോഗിക്കാനാകും എങ്ങനെ ഉപയോഗിക്കണം തുടങ്ങി കാര്യങ്ങളൊക്കെ ഇനിവേണം തെളിയാൻ. ഒരിക്കൽ നമ്മുടെ ഓർമ്മശക്തിയെ പൂർണമായി രക്ഷിക്കാൻ ഒട്ടകങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് ഗവേഷകരുടെ പ്രത്യാശ.