'അഭിനയം ഉപേക്ഷിക്കാൻ തീരുമാനമെടുത്തപ്പോൾ എത്തിയ ഹിറ്റ് തിരക്കഥ, പിന്നീടങ്ങോട്ട് സുകുമാരന്റെ യുഗം'
അരവിന്ദന്റെ 'ഉത്തരായനം' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് വിജയൻ. പിന്നീട് ചെറിയ വേഷങ്ങളിൽ മലയാളത്തിൽ അഭിനയിച്ചുവെങ്കിലും നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വിജയൻ എഴുതിയ തിരക്കഥകൾ ഏറെ ശ്രദ്ധേയമായിരുന്നു.
ആർട്ട് സിനിമകളിൽ മാത്രം ഒതുങ്ങികൂടിയ നടൻ സുകുമാരൻ സിനിമയിലെ അഭിനയം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ആ തീരുമാനം ഉപേക്ഷിക്കുന്നതിന് നിമിത്തമായത് വിജയനാണ്. ഇതിനെക്കുറിച്ച് നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത് . തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.
'ഒരു കാലത്ത് ആർട്ട് സിനിമകളിൽ മാത്രം ഒതുങ്ങികൂടിയ നടൻ സുകുമാരൻ സിനിമയിലെ അഭിനയം ഉപേക്ഷിച്ച് പോകാൻ തീരുമാനമെടുക്കുന്നു. ആ സമയത്ത് സുകുമാരന് യാദൃശ്ചികമായി കിട്ടിയ ചിത്രമായിരുന്നു ബേബി സംവിധാനം ചെയ്ത 'ശംഖുപുഷ്പം'. വിജയന്റെ കഥയ്ക്ക് സുരാസു തിരക്കഥയെഴുതിയ ചിത്രമാണ് 'ശംഖുപുഷ്പം'. അതിൽ നായകനായി അഭിനയിക്കാൻ നിശ്ചയിച്ചിരുന്നത് ആദ്യം വിജയനെയായിരുന്നു എന്നാൽ ആ സമയത്ത് ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് അദ്ദേഹത്തിന് മഞ്ഞപിത്തം പിടിച്ച് കിടപ്പിലായി.
അപ്പോൾ വിജയൻ തന്നെയാണ് ആ വേഷം ചെയ്യാൻ സുകുമാരന്റെ പേര് നിർദ്ദേശിച്ചത്. 'ശംഖുപുഷ്പം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സിനിമ അഭിനയം ഉപേക്ഷിക്കണമെന്ന തീരുമാനം സുകുമാരൻ ഉപേക്ഷിച്ചു. തന്റെ തട്ടകം സിനിമയാണെന്ന് തന്നെ ഉറപ്പിച്ച് സിനിമയിൽ തന്നെ ഉറച്ച് നിൽക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് സുകുമാരന്റെ യുഗമാണ്. ശംഖുപുഷ്പത്തിന്റെ വിജയത്തിന് ശേഷം അതിന്റെ സംവിധായകൻ ബേബിക്ക് വേണ്ടി വിജയൻ തുടരെത്തുടരെ തിരക്കഥകൾ രചിച്ചു കൊണ്ടേയിരുന്നു. അദ്ദഹം തിരക്കഥയെഴുതിയ ചിത്രങ്ങളാണ് കാത്തിരുന്ന നിമിഷം, അനുപല്ലവി, ലിസ തുടങ്ങിയവ' - ആലപ്പി അഷ്‌റഫ് പറഞ്ഞു.