'അത് വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, പക്ഷേ';  വികാരനിർഭരമായ കുറിപ്പുമായി കാവ്യ മാധവൻ

Monday 10 November 2025 2:29 PM IST

കഴിഞ്ഞ ജൂണിലാണ് നടി കാവ്യ മാധവന്റെ പിതാവ് മാധവൻ അന്തരിച്ചത്. ഇപ്പോഴിതാ പിതാവിന്റെ ജന്മദിനത്തിൽ വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടി. ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും കാവ്യ കുറിച്ചു. ഇന്ന് പിതാവിന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ദിനമാണെന്നും കാവ്യ ഓർക്കുന്നു.

കാവ്യയുടെ പിതാവ് നീലേശ്വരത്ത് സുപ്രിയ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ചെന്നെെയിൽ ആയിരുന്ന അദ്ദേഹം കാവ്യ സിനിമയിൽ സജീവമായതോടെ ബിസിനസ് അവസാനിപ്പിച്ച് എറണാകുളം വെണ്ണലയിലേക്ക് താമസം മാറ്റി. മകൾ മഹാലക്ഷ്‌മിയുടെ പഠനത്തിനായി കാവ്യ ചെന്നൈയിലേക്ക് താമസം മാറ്റിയപ്പോൾ മാധവനും ഒപ്പം പോവുകയായിരുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം.അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷെ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു. എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമ്മകളാക്കിയ അച്ഛന്റെ ഈ 75-ാംപിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ. പക്ഷെ...അച്ഛന് തിരക്കായി… എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ, ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയാഞ്‌ജലി.