തൈര് വാങ്ങുമ്പോൾ ഇക്കാര്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം; കിട്ടുന്നത് വലിയ പണി

Monday 10 November 2025 2:41 PM IST

തൈരും തൈരുകൊണ്ടുള്ള വിഭവങ്ങളും കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ചൂട് കാലത്ത് മിക്ക വീടുകളിലും ഇത് വാങ്ങി സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്‌ജിൽ സൂക്ഷിച്ചാലും പലപ്പോഴും തൈര് കേടായിപ്പോകാറുണ്ട്. തെറ്റായ പാത്രത്തിൽ സൂക്ഷിക്കുന്നതാണ് ഇതിന് കാരണം. മാത്രമല്ല, ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യത്തിനും ഹാനികരമാകും.

പ്ളാസ്റ്റിക് പാത്രത്തിൽ ഒരിക്കലും തൈര് സൂക്ഷിക്കാൻ പാടില്ല. പ്ളാസ്റ്റിക് പാത്രങ്ങളിലെ ബിസ്‌ഫെനോൾ എ പോലുള്ള രാസവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ്. അലുമിനിയം പാത്രത്തിലും തൈര് സൂക്ഷിക്കാൻ പാടില്ല. അലുമിനിയത്തിൽ തൈര് ചേരുമ്പോഴുണ്ടാകുന്നരാസപ്രവർത്തനങ്ങൾ ശരീരത്തെ ദോഷകരമായി ബാധിക്കും. തൈര് ലോഹപാത്രങ്ങളിൽ സൂക്ഷിക്കുന്നത് മികച്ച രീതിയല്ല. തടി കൊണ്ടുള്ള പാത്രങ്ങളിലും തൈര് സൂക്ഷിക്കാൻ പാടില്ല. സുഷിരങ്ങളില്ലാത്ത മൺപാത്രത്തിൽ തൈര് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. പരമ്പരാഗതമായി ഇത്തരത്തിലാണ് തൈര് സൂക്ഷിക്കാറുള്ളത്. പൊട്ടാത്തതും പോറലില്ലാത്തതുമായ ഗ്ളാസ് പാത്രങ്ങളിലും സെറാമിക് പാത്രങ്ങളിലും സ്റ്റെയിൻലെസ് പാത്രങ്ങളിലും തൈര് സൂക്ഷിക്കാവുന്നതാണ്.

തൈരിന്റെ ഗുണങ്ങൾ

ധാരാളം ആരോഗ്യഗുണങ്ങളുള്ള പാലുത്‌പന്നമാണ് തൈര്. പ്രോബയോട്ടിക്കുകൾ, വൈ​റ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, പ്രോട്ടീൻ തുടങ്ങിയവ ധാരാളമായി തൈരിൽ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണ് പ്രോബയോട്ടിക്സ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദഹനം സുഗമമാക്കാനും സഹായിക്കും.

കാത്സ്യം, പ്രോട്ടീൻ, വൈ​റ്റമിൻ ബി എന്നിവ തൈരിൽ അടങ്ങിയിരിക്കുന്നു. ഊർജവും അസ്ഥികളുടെ ആരോഗ്യവും മെച്ചപ്പെടുത്താനും തൈര് സഹായിക്കും. ജലാംശവും തൈരിൽ ധാരാളമായുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ തൈര് സഹായിക്കും. നിർജലികരണം ഒഴിവാക്കാനും തൈര് മികച്ചതാണ്.