ലോട്ടറിയടിച്ച ടിക്കറ്റ് കളഞ്ഞുപോയാൽ എന്ത് സംഭവിക്കും? ടിക്കറ്റെടുക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

Monday 10 November 2025 3:11 PM IST

കടംമേടിച്ച ആയിരം രൂപ കൊണ്ട് ലോട്ടറി വാങ്ങിയ യുവാവിന് അടുത്തിടെ പതിനൊന്ന് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു. പഞ്ചാബിലെ ഭട്ടിൻഡ പ്രദേശത്ത് നിന്ന് ലോട്ടറിയെടുത്ത രാജസ്ഥാൻ സ്വദേശിയായ അമിത് സെഹാരയെ തേടിയാണ് ഭാഗ്യദേവതയെത്തിയത്. കുറച്ചുനാളുകൾക്ക് മുമ്പ് കേരളത്തിൽ ആലപ്പുഴ സ്വദേശിക്ക് 25 കോടിയുടെ ഓണം ബമ്പർ അടിച്ചിരുന്നു. ഇവരെക്കുറിച്ചുള്ള വാർത്തകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു.

ലോട്ടറി മൂലം ലക്ഷാധിപതിമാരും കോടീശ്വരന്മാരുമൊക്കെയായ നിരവധി പേരുണ്ട്. എങ്ങനെയെങ്കിലും രക്ഷപ്പെടാമല്ലോ എന്ന് കരുതിയാണ് പലരും കടം വാങ്ങിപ്പോലും ലോട്ടറിയെടുക്കുന്നത്. കൂടാതെ ടിക്കറ്റ് നഷ്ടപ്പെടുമോയെന്ന ഭയത്തിൽ ഫോണിൽ ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നവരുമേറെയാണ്. ടിക്കറ്റിന്റെ ഫോട്ടോ കാണിച്ചാൽ ലോട്ടറിയടിച്ച പണം കിട്ടുമോ? ടിക്കറ്റ് നഷ്ടമായാൽ

വാങ്ങിയ ലോട്ടറി ടിക്കറ്റുകൾ നഷ്ടമായെന്ന് കരുതുക. അതേ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനമോ മറ്റോ അടിച്ചെന്നിരിക്കട്ടെ. ഓടിപ്പോയി ബാങ്കിലോ മറ്റോ ടിക്കറ്റിന്റെ ചിത്രം കാണിച്ചാൽ പണം കിട്ടുമോ? ഇല്ല എന്നാണ് ഉത്തരം. ആ വ്യക്തിക്ക് സമ്മാനം അവകാശപ്പെടാൻ അർഹതയില്ല. ടിക്കറ്റിന്റെ ഫോട്ടോ കാണിച്ചെന്ന് കരുതി ഒരിക്കലും നിങ്ങൾക്ക് പണം ലഭിക്കില്ല. ടിക്കറ്റ് തന്നെ ഹാജരാക്കണം. അതിനാൽത്തന്നെ ലോട്ടറിയെടുത്താൽ ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അവകാശികളില്ലാത്തെ ലോട്ടറി പണം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം സംസ്ഥാനത്തിന്റെ പൊതു അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ എല്ലാ നറുക്കെടുപ്പുകളും സംസ്ഥാന സർക്കാരാണ് നടത്തുന്നത്. സംസ്ഥാനം നിശ്ചയിച്ച സമയപരിധിക്കുള്ളിൽ സമ്മാനമടിച്ചവർ ലോട്ടറി ടിക്കറ്റുമായെത്തിയില്ലെങ്കിൽ തുക സംസ്ഥാന സ്വത്തായി മാറുന്നു. സമയപരിധി കഴിഞ്ഞിട്ട് ടിക്കറ്റുമായെത്തിയിട്ട് കാര്യമില്ല. അതിനാൽത്തന്നെ ലോട്ടറിയടിച്ചാൽ എത്രയും വേഗം അധികൃതരെ കണ്ട് ലോട്ടറി ടിക്കറ്റ് ഹാജരാക്കണം.

1998ലെ ലോട്ടറി റെഗുലേഷൻ ആക്ട്

രാജ്യത്ത് 1998ലെ ലോട്ടറി റെഗുലേഷൻ ആക്ട് പ്രകാരമാണ് ലോട്ടറി മേഖല പ്രവർത്തിക്കുന്നത്. ടിക്കറ്റുകൾ വാങ്ങി സമ്മാനങ്ങൾ നേടാൻ കഴിയുന്ന പദ്ധതിയെന്നാണ് 1998ലെ ഗവ. ഓഫ് ഇന്ത്യ ലോട്ടറി റഗുലേഷൻ ആക്‌ടിൽ ലോട്ടറിയെ നിർവചിച്ചിരിക്കുന്നത്. ചില മാനദണ്ഡങ്ങളും ഇതിനുണ്ട്. ഒന്നിലധികം പേർ ടിക്കറ്റുകൾ വാങ്ങണമെന്നതാണ് പ്രധാനപ്പെട്ട മാനദണ്ഡം.

ഇതുപ്രകാരം ലോട്ടറി പ്ലേ നിരോധിച്ചിട്ടുണ്ട്. അതായത് ഏതെങ്കിലും ഒരാൾക്ക് ടിക്കറ്റുകൾ അടിച്ച് വിൽക്കാനാകില്ല. ചില വ്യവസ്ഥകൾക്ക് വിധേയമായി സംസ്ഥാന സർക്കാരുകൾക്ക് ഔദ്യോഗികമായി ലോട്ടറികൾ വിൽക്കാം.

മുൻകൂട്ടി പ്രഖ്യാപിച്ച ഒരു സംഖ്യയുടെയോ ഒറ്റ അക്കത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു സമ്മാനവും നൽകാനാവില്ലെന്നതാണ് ഈ ആക്ടിലെ പ്രധാന വ്യവസ്ഥ. അതായത് സമ്മാനമടിക്കുന്നത് ഏത് നമ്പരിനാണെന്ന് ആദ്യം തന്നെ കണ്ടെത്താൻ പറ്റില്ല. കൂടാതെ ആധികാരികത ഉറപ്പാക്കാൻ ടിക്കറ്റുകളിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ലേഗോ ഉണ്ടായിരിക്കണം. ഇതിലൂടെ വ്യാജ ലോട്ടറികൾ ഒഴിവാക്കാം. ടിക്കറ്റുകൾ സംസ്ഥാനം നേരിട്ടോ രജിസ്റ്റർ ചെയ്ത വിതരണക്കാർ വഴിയോ ഏജന്റുമാർ വഴിയോ വിൽക്കാം.

സമ്മാനമടിച്ചവർ ഒറിജിനൽ ടിക്കറ്റും സാധുവായ ഐഡി പ്രൂഫും ഹാജരാക്കണം. സർക്കാർ ബാങ്കുകളിലോ രജിസ്റ്റർ ചെയ്ത ടിക്കറ്റ് വിൽപ്പനക്കാരെയോ ഏൽപ്പിക്കാം. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം. ലോട്ടറി നിയമങ്ങൾ ലംഘിക്കുന്നത് രണ്ട് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ കാരണമാകും. ലോട്ടറിയടിച്ചാൽ ജീവിതം രക്ഷപ്പെടും. എന്നാൽ അതിന്റെ നിയമങ്ങൾ, സമയപരിധി അടക്കമുള്ളവ മനസിലാക്കേണ്ടത് അത്യാവശ്യമാണ്.