'പൊള്ളയായ വാക്കുകൾ '; യൂട്യൂബറുടെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് ഗൗരി കിഷൻ
ചെന്നൈ: യൂട്യൂബർ ആർ എസ് കാർത്തിക്കിന്റെ ക്ഷമാപണം അംഗീകരിക്കില്ലെന്ന് നടി ഗൗരി കിഷൻ. ഉത്തരവാദിത്തം ഏറ്റെടുക്കാതെയുളള ക്ഷമാപണമാണ് യൂട്യൂബർ നടത്തിയതെന്നും താരം പ്രതികരിച്ചു. പുതിയ തമിഴ് ചിത്രമായ 'അദേഴ്സിന്റെ' പ്രമോഷൻ പരിപാടിക്കിടയിൽ യൂട്യൂബർ താരത്തിന്റെ ഭാരമെത്രയെന്ന് സംവിധായകനോട് ചോദിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്.
നടിയോട് മാപ്പ് പറയില്ലെന്ന് ആദ്യം കാർത്തിക് പത്രസമ്മേളനത്തിൽ പറഞ്ഞെങ്കിലും രൂക്ഷവിമർശനങ്ങൾ വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. തന്റെ ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടെന്നും ബോഡിഷെയ്‌മിംഗ് ചെയ്തിട്ടില്ലെന്നുമായിരുന്നു യൂട്യൂബറുടെ പ്രതികരണം. ഇത്തരത്തിലുള്ള പൊള്ളയായ വാക്കുകൾ അംഗീകരിക്കില്ലെന്നാണ് ഗൗരി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനെതിരെ ഗൗരി രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്നെന്നും നടൻമാരോട് എന്തുകൊണ്ട് ഇത്തരത്തിലുളള കാര്യങ്ങൾ ചോദിക്കുന്നില്ലെന്നും താരം ചോദിച്ചിരുന്നു. അതേസമയം, വേദിയിലുണ്ടായിരുന്ന നടൻ ആദിത്യ മാധവനോ സംവിധായകൻ അബിൻ ഹരിഹരനോ ഗൗരിയെ പിന്തുണയ്ക്കാത്തതും സിനിമാലോകത്ത് വലിയ ചർച്ചയായിരുന്നു.
അതേസമയം, ഗൗരിക്കെതിരായ ബോഡി ഷെയ്‌മിംഗ് പരാമർശത്തിൽ പ്രതികരണവുമായി തമിഴ് സിനിമാ താരസംഘടനയായ നടികർ സംഘവും രംഗത്തെത്തിയിരുന്നു. സംഭവം അങ്ങേയറ്റം ഖേദകരമാണെന്നും നടിക്കുണ്ടായ അനുഭവത്തെ ശക്തമായി അപലപിക്കുന്നെന്നും നടികര്‍ സംഘം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. യൂട്യൂബറുടെ നടപടിയെ അപലപിച്ച് ചെന്നൈ പ്രസ് ക്ലബും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാ താരസംഘടനയായ അമ്മയും ഗൗരിക്ക് പൂർണ പിന്തുണയുമായി കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് തെറ്റാണെന്നാണ് കുറിപ്പിലുളളത്.