ആര്യ രാജേന്ദ്രന്‍ മത്സരിക്കുന്നില്ല; മേയറാകാന്‍ ഒന്നിലധികം പേര്‍, തലസ്ഥാനത്ത് സിപിഎം സ്ഥാനാര്‍ത്ഥികളായി

Monday 10 November 2025 6:45 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തലസ്ഥാന നഗരസഭ നിലനിര്‍ത്താന്‍ കരുത്തരെ രംഗത്തിറക്കി സിപിഎം. ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന തിരുവനന്തപുരത്ത് ഇത്തവണ കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചാണ്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ കൂടി രംഗത്തേക്ക് വരുന്നതോടെ തലസ്ഥാനത്ത് തീപാറും ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പായി. മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരിക്കുന്നില്ലെന്നതാണ് സിപിഎം പട്ടികയിലെ പ്രത്യേകത. ആര്യയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറെടുക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ കൗണ്‍സിലര്‍മാര്‍, ഏര്യാ സെക്രട്ടറിമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെയുള്ള കരുത്തരെയാണ് പാര്‍ട്ടി മത്സരരംഗത്തേക്ക് ഇറക്കിയിട്ടുള്ളത്. ചാക്കയില്‍ മത്സരിക്കുന്ന മുന്‍ മേയര്‍ കെ ശ്രീകുമാര്‍, വഞ്ചിയൂരില്‍ മത്സരിക്കുന്ന പാളയം ഏര്യ സെക്രട്ടറി വഞ്ചിയൂര്‍ ബാബു, പുന്നയ്ക്കാമുകളിലെ കെ ശിവജി എന്നിവരാണ് മത്സരരംഗത്തുള്ള ഏര്യാ സെക്രട്ടറിമാര്‍. പേട്ടയില്‍ മത്സരിക്കുന്ന ജില്ലാ കമ്മിറ്റി അംഗം എസ്പി ദീപക്, കുന്നുകുഴിയില്‍ മത്സരിക്കുന്ന ഐപി ബിനു. ഈ അഞ്ച് പേരില്‍ ഒരാള്‍ ഭരണം നിലനിര്‍ത്തിയാല്‍ മേയറാകാനാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്.

ജഗതി വാര്‍ഡില്‍ മത്സരിക്കുന്ന ചലച്ചിത്ര - സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണനാണ് ഇടത് സ്ഥാനാര്‍ത്ഥികളിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമ്പോള്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ അഭാവം ശ്രദ്ധാവിഷയമായിരുന്നു, എന്നാല്‍ മേയര്‍ സ്ഥലത്ത് ഇല്ലാത്തതിനാലാണ് എത്താതിരുന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ജില്ലാ സെക്രട്ടറി വി.ജോയി പറഞ്ഞു. അതേസമയം, ആകെ 101 വാര്‍ഡുകളുള്ള നഗരസഭയില്‍ 70 സീറ്റുകളിലാണ് സിപിഎം നേരിട്ട് മത്സരിക്കുന്നത്.

ഘടകകക്ഷികള്‍ക്ക് 31 സീറ്റുകളാണ് സിപിഎം മത്സരിക്കാനായി വിട്ടുനല്‍കിയിരിക്കുന്നത്. ഇതില്‍ സിപിഐ-17, ജനതാദള്‍ എസ്-2, കേരളാ കോണ്‍ഗ്രസ് എം-3, ആര്‍ജെഡി-3, ഐഎന്‍എല്‍-1, കോണ്‍ഗ്രസ് എസ്-1, എന്‍സിപി-1, കേരളാ കോണ്‍ഗ്രസ് ബി-1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്-1, ജെഎസ്എസ്-1 എന്നിങ്ങനെയാണ് സീറ്റുകള്‍. എട്ടു സീറ്റില്‍ പിന്നീട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.