'കർഷക കുടുംബത്തിലെ അംഗം'; ഉന്നതപഠനത്തിന് അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതി ഉറക്കത്തിനിടയിൽ മരിച്ചു
വാഷിങ്ടൺ: ഉന്നതവിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിക്ക് ഉറക്കത്തിനിടയിൽ മരണം സംഭവിച്ചു. യാർലഗദ്ദ രാജ്യലക്ഷ്മി എന്ന 23 കാരിയാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയിലെ കരംചേഡു സ്വദേശിയാണ് യുവതി. ടെക്‌സസിലെ അപ്പാർട്മെന്റിൽ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത ചുമയും നെഞ്ചുവേദനയും കാരണം ബുദ്ധിമുട്ടിയ യുവതി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് തേടിയിരുന്നെന്ന് കുടുംബം പറയുന്നു.
അടുത്തിടെ ടെക്സസ് എ & എം യൂണിവേഴ്സിറ്റി - കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ എംഎസ് പൂർത്തിയാക്കിയ രാജ്യലക്ഷ്മി അമേരിക്കയിൽ തന്നെ ഒരു നല്ല ജോലി അന്വേഷിക്കുകയായിരുന്നു. കൃഷ്ണ ജില്ലയിലെ ഗുഡ്‌ലവല്ലേരു കോളേജിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ ശേഷമാണ് രാജ്യലക്ഷ്മി ഉന്നതവിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോയത്. സുഹൃത്തുക്കൾക്കൊപ്പം അത്താഴം കഴിച്ച് കിടന്ന യുവതി രാവിലെ അലാറം അടിച്ചിട്ടും എഴുന്നേൽക്കാതെ വന്നതോടെ സുഹൃത്തുക്കൾ തട്ടി വിളിക്കാൻ തുടങ്ങി. പ്രതികരണം ഇല്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയിൽ തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സ്വരൂപിച്ചു. കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ് രാജ്യല്ക്ഷ്മിയുടെ കുടുംബം. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാനായാണ് അമേരിക്കയിൽ നല്ലൊരു ജോലി കണ്ടെത്താൻ യുവതി ശ്രമിച്ചത്. രാജ്യലക്ഷ്മിയുടെ വിദ്യാഭ്യാസ വായ്പകൾ, ശവസംസ്കാരം, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ , കുടുംബത്തിന് സാമ്പത്തിക സഹായം തുടങ്ങിയവയ്‌ക്കുള്ള പണം സ്വരൂപിക്കുകയാണെന്ന് സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.