ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം,​ ഒരു മരണം,​ വാഹനങ്ങൾക്ക് തീപിടിച്ചു

Monday 10 November 2025 7:25 PM IST

ന്യൂഡൽഹി : ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്ഫോടനം,​. റോഡിൽ നിറുത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. നാലു വാഹനങ്ങൾക്ക് തീപിടിച്ചു. സംഭവത്തിൽ ഒരാൾ മരിച്ചതായാണ് ലഭിക്കുന്ന വിവരം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. ഡൽഹി പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.. സംഭവത്തെ തുടർന്ന് ഡൽഹി അതീവ ജാഗ്രതാ നി‌ർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നേരത്തെ തലസ്ഥാന നഗരത്തിന് തൊട്ടടുത്ത് നിന്ന് ഉഗ്ര സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. 350 കിലോ ഗ്രാം അമോണിയം നൈട്രേറ്റ്, രണ്ട് തോക്കുകൾ എന്നിവയാണ് ഡൽഹിക്ക് തൊട്ടടുത്ത നഗരമായ ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് കണ്ടെത്തിയത്. ജമ്മു കാശ്മീർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലായിരുന്നു ഇത്. ഉത്തർപ്രദേശിലെ സഹരൻപുരിൽ നിന്ന് കാശ്മീരി ഡോക്ടർ അറസ്റ്റിലായതിന് പിന്നാലെയാണ് ജമ്മു കാശ്മീർ പൊലീസ് പരിശോധന നടത്തിയത്. ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പങ്കുവച്ചതിനെ തുടർന്നാണ് ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തത്.