വേമ്പനാട്ടു കായലിന്റെ ആഴം കൂട്ടണം
Monday 10 November 2025 8:01 PM IST
വൈക്കം ; വേമ്പനാട്ടുകായലിൽ എക്കലും മാലിന്യങ്ങളും നിറഞ്ഞ് ആഴം കുറഞ്ഞ് നീരൊഴുക്കിന് തടസമായത് മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസമായ സാഹചര്യത്തിൽ കായലിന് ആഴം കൂട്ടി മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ധീവരസഭ 110-ാം നമ്പർ ചെമ്പ് കരയോഗത്തിന്റെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് പി.എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ, സംസ്ഥാന കൗൺസിൽ അംഗം ടി.വി.സുരേന്ദ്രൻ, കരയോഗം സെക്രട്ടറി പി.വി.ശശാങ്കൻ, വൈസ് പ്രസിഡന്റ് പി.പ്രസാദ്, ജില്ലാ കമ്മറ്റി അംഗം കെ.പരമേശ്വരൻ എന്നിവർ പങ്കെടുത്തു.