കരിമ്പുവിളയിൽ ഭീതിപരത്തി കാട്ടുപന്നി

Tuesday 11 November 2025 1:37 AM IST

കല്ലമ്പലം: മടവൂർ പഞ്ചായത്തിലെ കരിമ്പുവിള, അമ്പിളിമുക്ക് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ട കാട്ടുപന്നിക്കൂട്ടം നാട്ടുകാരിൽ ഭീതി പരത്തി. പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കാട്ടുപന്നികൾ പരക്കം പാഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ല. മിക്ക ദിവസങ്ങളിലും രാത്രി കാട്ടുപന്നി ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി പരാതിയുണ്ട്. രാത്രി കാലങ്ങളിൽ പന്നി ശല്യം രൂക്ഷം ആണെന്ന പരാതിയുമുണ്ട്. വിദ്യാർത്ഥികളുൾപ്പെടെ കാട്ടുപന്നിയെ പേടിച്ച് യാത്ര ചെയ്യാൻ ഭയക്കുകയാണ്. ഇതിനോടകം നിരവധിപേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. മുൻപ് കാട്ടുപന്നികളുടെ എണ്ണം കുറവായിരുന്ന ഇടങ്ങളിലെല്ലാം നിലവിലെ സ്ഥിതി ആശങ്കാ ജനകമാണ്. പെറ്റുപെരുകി വളരെ പെട്ടെന്നാണ് പന്നികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. പഞ്ചായത്ത് അധികൃതർ ഫലപ്രദമായ നടപടികൾ കൈകൊണ്ടില്ലെങ്കിൽ രാപകൽ ഭേദമില്ലാതെ നാട്ടുകാർ പന്നിയുടെ ആക്രമണത്തിനിരയാകും. കർഷകർക്ക് കൃഷി ചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.