ഗുരുവായൂരിൽ നാളെ ലക്ഷദീപം തെളിയും
ഗുരുവായൂർ: ഗുരുവായൂരിൽ നാളെ ലക്ഷദീപം തെളിയും. ഗുരുവായൂർ അയ്യപ്പഭജന സംഘത്തിന്റെ ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രനഗരിയിൽ ലക്ഷദീപം തെളിക്കുക. ഗുരുവായൂർ ക്ഷേത്രവും ക്ഷേത്ര പരിസരത്തെ വീഥികളും ദീപപ്രഭയിൽ പ്രകാശപൂരിതമാകും. അലങ്കരിച്ച നിലവിളക്കും ചെരാതും ഉപയോഗിച്ചാണ് ക്ഷേത്രവും പരിസരവും ദീപം തെളിക്കുക. ക്ഷേത്രത്തിൽ മേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലിയുണ്ടാകും. വൈകിട്ട് ഡബിൾ കേളി, സ്‌പെഷൽ നിറമാലയും രാത്രി ചുറ്റുവിളക്കിന് വിശേഷാൽ ഇടയ്ക്ക നാദസ്വരവും ഉണ്ടാകും. ഇന്ന് വ്യാപാരികളുടെ വിളക്കാഘോഷമാണ്. രാവിലെ കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിൽ മേളം അകമ്പടിയാകും. ഉച്ചകഴിഞ്ഞ് കാഴ്ചശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും പല്ലാവൂർ ശ്രീധരൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. വൈകിട്ട് ഏഴിന് മർച്ചന്റ്‌സ് ഏകാദശി വിളക്ക് പുരസ്‌കാരം എരവത്ത് നാരായണൻ മാരാർക്ക് നൽകും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ രാവിലെ ഏഴ് മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും.