കണ്ണൂരും കാസർകോടും ഡിസംബർ 11ന് ബൂത്തിലേക്ക്; തീയതി വന്നു ;ഇനി തീപ്പോര്
കണ്ണൂർ: കാസർകോടും കണ്ണൂരുമടക്കമുള്ള വടക്കൻ ജില്ലകളിൽ തദ്ദേശതിരഞ്ഞെടുപ്പ് ഡിസംബർ 11ന്. തീയതി വന്നതോടെ മൂന്ന് മുന്നണികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പൂർണമായി തിരിഞ്ഞു. സീറ്റുവിഭജനത്തിനായുള്ള മുന്നണി ചർച്ചകളും വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥിനിർണയവും പുരോഗമിക്കുകയാണ്. തീരുമാനമാകാത്ത ഇടങ്ങളിൽ പ്രധാന നേതാക്കളുടെ നേതൃത്വത്തിൽ സമവായചർച്ചകളും തുടങ്ങിയിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ തദ്ദേശ ഭരണസ്ഥാപനങ്ങൾ വലിയ പങ്കും ഇടതിന്റെ കോട്ടകളാണ്. ജില്ലാ പഞ്ചായത്ത് ഇതുവരെയും എൽ.ഡി.എഫാണ് ഭരിച്ചത്. ആകെയുള്ള 24 ഡിവിഷനുകളിൽ 17 സീറ്റുകളാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് നേടിയത്. ഏഴിടത്ത് യു.ഡി.എഫും വിജയിച്ചു. അഞ്ചിൽ നിന്നും രണ്ട് ഡിവിഷനുകളിൽ കൂടി വിജയിക്കാൻ കഴിഞ്ഞ തവണ യു.ഡി.എഫിന് സാധിച്ചു.ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ്. ഒരു ഡിവിഷൻ ഇത്തവണ വർദ്ധിച്ചിട്ടുണ്ട്. കുറുമാത്തൂരാണ് പുതുതായി കൂട്ടിച്ചേർത്ത ഡിവിഷൻ. ബി.ജെ.പിക്ക് ഇതുവരെ ജില്ല പഞ്ചായത്തിൽ വേരുറപ്പിക്കാൻ സാധിച്ചിട്ടില്ല.
വിഷയമാകും എ.ഡി.എമ്മിന്റെ മരണം
ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിന് പിന്നാലെ എ.ഡി.എം നവീൻബാബു മരിച്ച സംഭവം യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിൽ കാര്യമായി ഉന്നയിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ മൂന്നുതവണയും മത്സരരംഗത്തുണ്ടായിരുന്ന ദിവ്യ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെന്നാണ് വിവരം.ദിവ്യ രാജിവച്ച ഒഴിവിൽ അഡ്വ.കെ.കെ.രത്നകുമാരിയായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലും ഈ വിഷയം ചർച്ചയാക്കിയേക്കും. കല്യാശേരി ഡിവിഷനിൽ നിന്നായിരുന്നു ദിവ്യ ജില്ലാപഞ്ചായത്ത് ഭരണസമിതിയിലെത്തിയത്.
സാദ്ധ്യതകളേറെ
ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിലാണ്.എൽ.ഡി.എഫിൽ നിലവിലെ വൈസ് പ്രസിഡന്റായ അഡ്വ.ബിനോയി കുര്യന്റെ പേരാണ് മുന്നണിയിൽ ഉയർന്നു കേൾക്കുന്നത്.പെരളശ്ശേരിയിൽ നിന്നാകും ബിനോയി കുര്യൻ മത്സരിക്കുന്നത്. എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രിയുടെ പേരുംഉയർന്നുവരുന്നുണ്ട്. പിണറായിയിൽ നിന്നാകും അനുശ്രീ മത്സരിക്കുന്നത്. അടുത്ത വൈസ് പ്രസിഡന്റ് എന്ന നിലയിലായിരിക്കും അനുശ്രീയെ മത്സരത്തിനിറക്കുന്നത്.
കണ്ണൂർ ജില്ല പഞ്ചായത്ത് സീറ്റുകൾ
മൊത്തം 24 (ഇത്തവണ 25) എൽ.ഡി.എഫ്- 17 സി.പി.എം - 14 സി.പി.ഐ - 2 എൽ.ജെ.ഡി - 1 യു.ഡി.എഫ് - 7 ഐ.എൻ.സി - 5 ഐ.യു.എം.എൽ - 2