സുപ്രീംകോടതി വഴി കാണിച്ചു; ഇനി നടപടി സർക്കാരിന്റേത്
വ്യായാമത്തിനായി രാവിലെ റോഡിലിറങ്ങി വേഗത്തിൽ നടക്കാനോ ഓടാനോ തുടങ്ങിയാൽ തെരുവു നായക്കൂട്ടം റോഡിൽ ക്വട്ടേഷൻ ഗുണ്ടകളെ പോലെ പിന്നിൽ നിന്നും മുന്നിൽ നിന്നുമൊക്കെ ഓടിയെത്തും. കടികിട്ടി ജീവൻ തുലാസിലാകാതിരിക്കാൻ വടിയുമെടുത്ത് പേടിച്ച് നടക്കുന്നവരാണ് ഇന്നത്തെ നടത്തക്കാരിൽ ഏറെയും. നായയെ പേടിച്ച് പ്രഭാത സവാരി ഉപേക്ഷിച്ചവരുടെ എണ്ണവും കുറവല്ല. തെരുവിൽ അലഞ്ഞു തിരിയുന്ന നായകളെ മുഴുവൻ പിടികൂടണമെന്ന പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് ഇത്തരക്കാർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ, തെരുവിലെ നായ ശല്യം ഇല്ലാതാക്കണമെന്നു മാത്രമെ ഇവർക്കു ആവശ്യപ്പെടാനുള്ളൂ.
വീട്ടുമുറ്റത്ത് കുട്ടികളുടെ തലകണ്ടാൽ പോലും നായകൾ കൂട്ടമായെത്തി കടിച്ചുകുടയുന്ന അവസ്ഥയാണിപ്പോഴുള്ളത്. നായകളുടെ കടിയേൽക്കുന്നവരിൽ പ്രതിരോധ കുത്തിവെയ്പ് എടുത്തവർ പോലും പേവിഷബാധയേറ്ര് മരണപ്പെട്ടതോടെയാണ് നാടിന്റെ മുഴുവൻ ഭീതിയായി തെരുവുനായ്ക്കൾ മാറിയത്. നായ്ക്കളുടെ നിയന്ത്രണത്തിനായി തുടങ്ങിയ വന്ധ്യംകരണ പദ്ധതിയും ഷെൽട്ടർ ഹോമും വഴിപാടായി മാറിയെന്ന പരാതിയും ഉയർന്നിരുന്നു.
സംസ്ഥാനത്ത് ടൂറിസം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നായക്കൂട്ടത്തെ കാണാം. ഇവ എപ്പോൾ വേണമെങ്കിലും അക്രമകാരികളായി മാറിയേക്കാം. അടുത്തിടെ കോവളത്ത് എത്തിയ റഷ്യൻ യുവതിയ്ക്ക് നായയുടെ കടിയേറ്റിരുന്നു. ഇത്തരം സംഭവങ്ങൾ സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. കുട്ടികൾ സ്കൂളിൽ പോയി വരുന്ന സ്ഥലങ്ങളിൽ ആരാധനാലയങ്ങളിലേക്കുള്ള പാതകളിൽ എല്ലാം തെരുവു നായകളുടെ സാന്നിദ്ധ്യം വേണ്ടുവോളമുണ്ട്.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിന് നിയമവിലക്ക് വരുകയും വന്ധ്യംകരണം ഫലപ്രദമല്ലാതാവുകയും ചെയ്തതോടെയാണ് സംസ്ഥാനത്തെ തെരുവുനായകളുടെ എണ്ണം കുതിച്ചുയർന്നത്. പത്തു വർഷം മുമ്പ് സംസ്ഥാനത്തുണ്ടായിരുന്നത് മൂന്നു ലക്ഷം തെരുവു നായകളാണെങ്കിൽ 2019-20കാലഘട്ടത്തിൽ അത് 7 ലക്ഷത്തോളമായി ഉയർന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഇപ്പോൾ 9 ലക്ഷം തെരുവുനായ്ക്കളുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളുടെയെല്ലാം നിയന്ത്രണം കൈയാളുന്നത് തെരുവുനായ്ക്കളാണ്. ചില സ്ഥലങ്ങളിൽ എ.ടി.എമ്മിന്റെ മുന്നിലും അകത്തുമൊക്കെ നായകൾ കയറി കിടക്കും. പണമെടുക്കാൻ പോകുന്നവർ പ്രാണനും കൊണ്ട് ഓടേണ്ടി വരും. പത്തുവർഷം കൊണ്ട് തെരുവു നായ്ക്കളുടെ എണ്ണത്തിൽ രണ്ടിരട്ടി വർദ്ധനവുണ്ടായപ്പോൾ, 10 വർഷത്തിനിടെ നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണുണ്ടായത്. 2014-ൽ 1.19 ലക്ഷം പേർക്കാണ് കടിയേറ്റതെങ്കിൽ 2024-ൽ കടിയേറ്റതാവട്ടെ 3.16 ലക്ഷം പേർക്കാണ്. ഈ വർഷം ആഗസ്റ്രുവരെ 2.52 ലക്ഷം പേരെ തെരുവുനായ കടിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കാണിത്. സംസ്ഥാനത്ത് ഈവർഷം സെപ്തംബർ വരെ വന്ധ്യംകരിച്ചത് 9737 തെരുവുനായകളെയാണ്. 53,401 നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുത്തു. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന 19 എ.ബി.സി കേന്ദ്രങ്ങൾ വഴിയാണ് വന്ധ്യംകരണം നടന്നത്. 2024-25ൽ 15,767 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്. 88,744 എണ്ണത്തിന് കുത്തിവയ്പ്പെടുത്തു.
എങ്ങനെ നടപ്പിലാക്കും?
തലപുകച്ച് സർക്കാർ
തെരുവു നായ്ക്കകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞ കുറെക്കാലമായി മാറിമാറി അധികാരത്തിലെത്തിയ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല. നിയമത്തെ പഴിച്ചുകൊണ്ട് മുന്നോട്ടു പോകുക മാത്രമാണുണ്ടായത്. ഇപ്പോൾ സുപ്രീംകോടതി വിധിയുണ്ടായപ്പോഴും സർക്കാർ കൺഫ്യൂഷനിലാണ്. നായകളെ വന്ധ്യംകരിക്കുന്ന കേന്ദ്രങ്ങൾ പോലും ആവശ്യത്തിന് ആരംഭിക്കാൻ പല കാരണങ്ങൾക്കൊണ്ട് സർക്കാരിന് കഴിഞ്ഞിരുന്നില്ല. അതിനൊപ്പമാണ് ഷെൽട്ടർ ഹോമുകൾ നായകൾക്ക് ഒരുക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് കൂടി വരുന്നത്.
നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങാൻ തദ്ദേശവകുപ്പ് ശ്രമം ആരംഭിച്ചിരുന്നു. പക്ഷെ, മിക്ക പഞ്ചായത്തുകളും എതിർത്തു. വന്ധ്യകരണ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ പിടികൂടിയ നായകളെ വന്ധ്യംകരണത്തിനു ശേഷം 7 ദിവസം പാർപ്പിക്കണം. എവിടെ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചാലും പ്രദേശികമായി എതിർപ്പുണ്ടാകും. അങ്ങനെയിരിക്കെ സ്ഥിരമായി പാർപ്പിക്കുന്ന കേന്ദ്രം എങ്ങനെ തുടങ്ങാനാകും? എന്നാണ് സർക്കാർ ചിന്തിക്കുന്നത്. വന്ധ്യംകരണ കേന്ദ്രങ്ങൾക്ക് എ.സി മുറി, എ.സി ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയവ വേണമെന്ന് നിബന്ധനകൾ കൂടി ഉൾപ്പെടുത്തി കേന്ദ്ര നിയമം പരിഷ്കരിച്ചതും ചെലവേറുന്നതിന് കാരണമായി.
മാറി ചിന്തിക്കണം
പൊതുജനവും തെരുവുനായ പ്രശ്നം ഇത്രയധികം രൂക്ഷമാകാൻ കാരണം അവർക്ക് ആവശ്യത്തിൽ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നുവെന്നതാണ്. ഹോട്ടലുകളിൽ നിന്നും അറവുശാലകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ കൊണ്ടു തള്ളുന്ന മാംസാവശിഷ്ടങ്ങൾ നായകൾ തിന്ന് കൊഴുത്ത് നടക്കും. നായ്ക്കളെ ആകർഷിക്കുന്ന ഭക്ഷണമാലിന്യം തള്ളുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ പൊതുജനത്തിനും ഉത്തരവാദിത്വമുണ്ട്. പക്ഷെ, സർക്കാരിനെ കുറ്റം പറയുന്നതല്ലാതെ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ പലപ്പോഴും മറക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാവർക്കും സ്വന്തംകാര്യം സിന്ദാബാദ് എന്ന ലൈനാണ്.
ഇനി ഭക്ഷണം കിട്ടാത്ത സ്ഥലമാണെങ്കിൽ റോഡിൽ നായകൾക്ക് ഭക്ഷണം എത്തിക്കുന്നവരുമുണ്ട്. കോവളത്ത് തെരുവുനായകളെ വത്സല്യത്തോടെ കാണുകയും കൊണ്ട് നടന്ന് ഭക്ഷണം നൽകുന്നവരിൽ വിദേശികളുമുണ്ട്. ഒടുവിൽ കടിയേൽക്കുന്നതും ഇത്തരക്കാർക്ക് തന്നെ!