ചേർത്തലയിൽ 13ന് ചിത്രം തെളിയും
ചേർത്തല നഗരസഭയിൽ സ്ഥാനാർത്ഥി പട്ടിക 13 ഓടെ പുറത്തിറങ്ങും. ഭരണകക്ഷിയായ എൽ.ഡി.എഫിൽ താഴെതട്ടിൽ നിന്നുള്ള നിർദ്ദേശങ്ങൾ ചർച്ചചെയ്യുന്നതിനുള്ള യോഗങ്ങൾ നടന്നു വരികയാണ്. 13ന് പൂർണമായ പട്ടിക പ്രഖ്യാപിക്കുമെന്ന് സി.പി.എം ഏരിയ സെക്രട്ടറി ബി.വിനോദ് പറഞ്ഞു.
യു.ഡി.എഫും വാർഡ് കമ്മിറ്റികളുടെ യോഗം നടത്തുകയാണ്.കമ്മിറ്റികളിൽ നിന്ന് വരുന്ന ഒറ്റപേരുകൾ പരിശോധനയ്ക്ക് ശേഷം അംഗീകരിക്കും. ഒന്നിലധികം പേരുകളുണ്ടെങ്കിൽ നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി.ആന്റണി അറിയിച്ചു.
പ്രാഥമിക ചർച്ചകൾ പൂർത്തിയായതായും പൂർണമായ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് 13ന് പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസും പറഞ്ഞു.
നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.
മാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനത്തിനു തന്നെ മാതൃകയായി ജില്ലയിലെ ആദ്യ ശൗചാലയമാലിന്യ സംസ്‌കരണപ്ലാന്റ് ആനതറവെളിയിൽ സ്ഥാപിച്ചു,
നഗരത്തിന്റെ കുടിവെളള പ്രശ്നത്തിനു സമ്പൂർണ പരിഹാരമായി അമൃത് പദ്ധതിയിൽ എല്ലാവീടുകളിലും കുടിവെള്ളമെത്തിച്ചു തുടങ്ങിയവ നേട്ടങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഭരണം തികഞ്ഞ പരാജയമെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
ആധുനിക അറവുശാലയടക്കം ബഡ്ജറ്റിൽ വകയിരുത്തുന്നതല്ലാതെ നടപ്പാക്കാൻ പ്രാഥമിക നടപടികൾപോലും സ്വീകരിക്കാനായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ചേർത്തല നഗരസഭ ആകെ സീറ്റുകൾ 35 (36) ഭരണകക്ഷി എൽ.ഡി.എഫ്-21(സി.പി.എം-14,സി.പി.ഐ-5,കേരള കോൺഗ്രസ് (എം)-1,കോൺഗ്രസ് (എസ്)-1)
പ്രതിപക്ഷം കോൺഗ്രസ് -10, ബി.ജെ.പി -3 സ്വതന്ത്രൻ ഒന്ന്