'ഇരുവരും തമ്മിൽ എന്ത് വ്യത്യാസം? നിലപാട് ഇരട്ടത്താപ്പ്'; പിന്തുണച്ചവർ തന്നെ ഗൗരിക്കെതിരെ രംഗത്ത്
ബോഡി ഷെയിം ചെയ്തുകൊണ്ടുള്ള ചോദ്യത്തിന് യൂട്യൂബർക്ക് ശക്തമായ മറുപടി നൽകിയതിലൂടെ വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞുനിന്ന താരമാണ് ഗൗരി കിഷൻ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരുന്നത്. ഇപ്പോഴിതാ, പിന്തുണച്ചവരിൽ പലരും താരത്തിനെതിരെ തിരിയുകയാണ്. നടിയോട് മോശമായി പെരുമാറിയ യൂട്യൂബർ ആർ എസ്. കാർത്തിക്കിന്റെ രൂപത്തെ കളിയാക്കുന്ന ഒരു പോസ്‌റ്റിന് താഴെ നടി പരിഹാസം രൂപേണ കമന്റ് ചെയ്‌തതാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറക്കാൻ കാരണം. താരത്തിനെ പിന്തുണച്ചവർ തന്നെ ഈ കമൻഡിന്റെ പേരിൽ നടിയെ രൂക്ഷമായി വിമർശിക്കുകയാണിപ്പോൾ.
തന്നെ ബോഡി ഷെയിം ചെയ്‌ത യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, അതേ നടി തന്നെ യൂട്യൂബറെ രൂപത്തിന്റെ പേരിൽ കളിയാക്കുന്ന പോസ്‌റ്റിന് പിന്തുണ നൽകുന്ന കമന്റ് ചെയ്‌തു എന്നതാണ് നിലവിൽ ഗൗരിക്കെതിരെ ഉയരുന്ന പ്രതിഷേധത്തിന് കാരണം. യൂട്യൂബറെ കളിയാക്കി സോഷ്യൽ മീഡിയയിൽ വന്ന പോസ്‌റ്റിന് താഴെ നടിയുടെ ഔദ്യോഗിക പേജിൽ നിന്നും 'ഹിയ്യോ' എന്ന രൂപത്തിലാണ് കമൻഡ് ചെയ്‌തിരിക്കുന്നത്. സ്വന്തം രൂപത്തെ കളിയാക്കിയതിനെ ചോദ്യം ചെയ്യുകയും അതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്‌ത നടി മറ്റൊരാളുടെ രൂപത്തെ കളിയാക്കുന്ന പോസ്‌റ്റിന് കമന്റ് ചെയ്‌തത് ഇരട്ടത്താപ്പാണെന്ന് വിമർശകർ പറയുന്നു. ഇരുവരും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്നും വിമർശകർ ചോദിക്കുന്നു.
ഗൗരിയുടെ പുതിയ ചിത്രമായ 'അദേഴ്സി'ന്റെ പ്രസ് മീറ്റിനിടെ ആയിരുന്നു ബോഡി ഷെയിം ചെയ്യുന്ന വിധത്തിൽ യൂട്യൂബർ കാർത്തിക് ചോദ്യം ചോദിച്ചത്. അതിനെതിരെ ശക്തമായി പ്രതികരിച്ച ഗൗരിക്ക് പിന്തുണയുമായി സുപ്രിയ മേനോൻ, ഖുഷ്ബു, അഹാന കൃഷ്‌ണ ഉൾപ്പെടെയുള്ള പ്രമുഖരും രംഗത്തെത്തിയിരുന്നു. പിന്നീട് ഗൗരിയോട് ക്ഷമ പറഞ്ഞുകൊണ്ട് യൂട്യൂബർ കാർത്തിക്കും രംഗത്ത് എത്തിയിരുന്നു.