പൊതുമേഖലയുടെ വിജയ നേട്ടം

Tuesday 11 November 2025 3:20 AM IST

ഇന്ത്യ സ്വാതന്ത്ര്യ‌ം നേടുന്ന 1947-ൽ രാജ്യത്തിന്റെ വ്യാവസായിക അടിത്തറ വളരെ ദുർബലമായിരുന്നു. ഇത് പരിഹരിക്കുന്നതിനും സ്വകാര്യ കുത്തക കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സോഷ്യലിസ്റ്റ് ആശയങ്ങളുടെ ഉപോത്‌‌പന്നങ്ങളിൽ ഒന്നായ പൊതുമേഖലാ സ്ഥാപനങ്ങൾ നിലവിൽ വന്നത്. സമ്മിശ്ര സമ്പദ്‌‌വ്യവസ്ഥയ്ക്കും ഊന്നൽ നൽകിയതിനാൽ ഇതിന് സമാന്തരമായി സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും ഉയർന്നുവന്നു. എന്നാൽ, കാലാന്തരത്തിൽ ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതി, പുതിയ മാനേജ്‌മെന്റ് വിദ്യകളുടെ അഭാവം, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ സൃഷ്ടിച്ച തടസങ്ങൾ, രാഷ്ട്രീയ ഇടപെടലിന്റെ അതിപ്രസരം തുടങ്ങിയ പല കാരണങ്ങളാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ അധികവും നഷ്ടത്തിലാവുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ബാദ്ധ്യതയായി മാറുകയും ചെയ്യുന്നതാണ് ഫലത്തിൽ കണ്ടുവരുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ എയർ ഇന്ത്യ നഷ്ടം കുമിഞ്ഞു കൂടിയതിനാൽ 2022-ൽ ടാറ്റായ്ക്കുതന്നെ കൈമാറുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. നഷ്ടത്തിലാവുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കുന്ന ഒരു നയമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര സർക്കാർ തുടർന്നുവരുന്നത്. എന്നാൽ ഇക്കാര്യങ്ങളിൽ തൊഴിലാളികളുടെയും പൊതുജനങ്ങളുടെ പക്ഷത്തു നിന്നുള്ള കാഴ്ചപ്പാട് കാരണം കേന്ദ്രനയത്തിനു വിരുദ്ധമായി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കരുത് എന്ന നയമാണ് എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുമ്പോഴും പിന്തുടരുന്നത്. കാലത്തിന്റെ മാറിയ സാഹചര്യത്തിൽ ഈ നയം വിജയിക്കണമെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.

ഈ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് സർക്കാരിന്റെയും മന്ത്രി പി. രാജീവ് നേതൃത്വം നൽകുന്ന വ്യവസായ വകുപ്പിന്റെയും കാര്യക്ഷമമായ ഇടപെടൽ മൂലം ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നിരിക്കുന്നത് വലിയ നേട്ടമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം പതിനൊന്നായിരുന്നു. അന്ന് വിറ്റുവരവ് 2299 കോടിയായിരുന്നത് ഇപ്പോൾ 2440 കോടിയായി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകൾ വിശദീകരിച്ചിട്ടുള്ളത്. ഏപ്രിൽ- സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിലായിരുന്നത്. ഇത് ഒക്ടോബറിൽ 27 ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 എണ്ണം ലാഭത്തിലായത് സൂചിപ്പിക്കുന്നത് അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കാമെന്നാണ്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ നേട്ടം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രതിരോധം, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്സ്, നിർമ്മിതബുദ്ധി അധിഷ്ഠിത സാങ്കേതിക വിദ്യ തുടങ്ങിയവയിൽ ശ്രദ്ധേയമായ പ്രകടനമാണ് കെൽട്രോൺ കാഴ്ചവച്ചത്. ഐ.എൻ.എസ് തമാൽ എന്ന യുദ്ധക്കപ്പലിന്റെ നിർമ്മാണത്തിലും കെൽട്രോൺ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ സംയുക്ത സംരംഭമായി മുന്നേറുന്ന കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന് കർണാടകയിൽ നിന്ന് ലഭിച്ച ഓർഡറുകൾ ഉൾപ്പെടെ ബിസിനസ് വിപുലപ്പെടുത്താനായി. 60 ലക്ഷം രൂപയുടെ വിറ്റുവരവ് നേടി കയർ കോർപ്പറേഷനും മികവ് പുലർത്തി. മാറിയ ആധുനിക സാഹചര്യങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എല്ലാ പ‌രിമിതികളെയും മറികടന്ന് ലാഭത്തിലാകാനാകുമെന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ,​ കേരളം പിന്തുടരുന്ന കേന്ദ്രത്തിലേതിനു വിരുദ്ധമായ നയത്തിന്റെ വിജയം കൂടിയാണ്.