ദൈവത്തിന് എന്ത് വിവേചനം?

Tuesday 11 November 2025 2:21 AM IST

മനുഷ്യനിർമ്മിതമായ ജാതി സംവിധാനം ദൈവത്തിന്റെ പേരിൽ ചാരി വ്യാഖ്യാനിക്കുന്നത് കാലാകാലങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു രീതിയാണ്. എല്ലാ ചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ ദൈവ ചൈതന്യമാണെന്ന് പ്രഭാഷണങ്ങൾ നടത്തുന്നവർ പോലും,​ ജാതിവ്യവസ്ഥയെ ന്യായീകരിക്കാനും ജാതിയുടെ പേരിൽ ആളുകളെ

അകറ്റിനിറുത്താനും ശ്രമിക്കുന്ന കാപട്യം ഇന്നും അഭംഗുരം തുടരുന്നു എന്നത് ആർക്കും നിഷേധിക്കാനാകാത്തൊരു നഗ്‌നയാഥാർത്ഥ്യമാണ്. ഇതിനൊപ്പം തന്നെയാണ് ജാതികൊണ്ട് വിശ്വാസത്തെ വേലികെട്ടിത്തിരിക്കുന്ന പ്രവണതയും സമാന്തരമായി വളർന്നുവരുന്നത്. ഗുരുദേവൻ ഉൾപ്പെടെയുള്ള ആദ്ധ്യാത്‌മിക ശ്രേഷ്ഠരുടെ ചിരന്തനമായ കർമ്മ വെളിച്ചം പകർന്ന പ്രവർത്തനങ്ങളുടെ ഫലമായി കേരളത്തിൽ ജാതിയുടെ പേരിലുള്ള അകറ്റിനിറുത്തൽ പ്രത്യക്ഷമായി അപ്രത്യക്ഷമായെങ്കിലും വികലമായ ചില മനസുകളിൽ സൂക്ഷ്‌മതലത്തിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.

ദൈവത്തിന്റെയും പാരമ്പര്യത്തിന്റെയും ആചാരത്തിന്റെയും മറ്റും പേരിൽ സവർണ ബോധം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ കൂടെക്കൂടെ ഇവിടെയും ഉണ്ടാകാറുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ട് അധികാരത്തിൽ വന്ന രാഷ്ട്രീയ കക്ഷികൾ ഭരിക്കുന്ന തമിഴ്‌നാട്ടിൽ പട്ടണപ്രദേശങ്ങൾ ഒഴിച്ചുനിറുത്തിയാൽ ചില ഉൾനാടൻ ഗ്രാമങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ജാതിവിവേചനങ്ങളാണ് നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ ദൈവത്തിന് വിവേചനമില്ലെന്നും ജാതിയോ മതമോ ഉപയോഗിച്ച് വിശ്വാസത്തെ വേലികെട്ടി നിറുത്താനും ദൈവികതയെ പരിമിതപ്പെടുത്താനും സാധിക്കില്ലെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണവും തുടർന്നുള്ള ഉത്തരവും വളരെ ശ്രദ്ധേയവും കാലോചിതവുമാണ്.

കാഞ്ചീപുരത്തെ ഗ്രാമത്തിൽ ദളിത് കോളനിയിലൂടെ ക്ഷേത്രരഥം എഴുന്നള്ളിക്കാനുള്ള നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടുകൊണ്ടാണ് ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിശ്വാസത്തിന് വേലികെട്ടാനാവില്ലെന്ന് ജസ്റ്റിസ് ബാലാജിയുടെ ബെഞ്ച് വ്യക്തമാക്കിയത്. കാഞ്ചീപുരം പുത്തഗ്രാം പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട സെൽവരാജ്, തൊട്ടുകൂടായ്‌മ നിർമ്മാർജ്ജന സമിതി ജില്ലാ സെക്രട്ടറി ആനന്ദൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം തൊട്ടുകൂടായ്‌മ നിറുത്തലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആർക്കൊക്കെയാണ് ദൈവത്തിനു മുന്നിൽ നിൽക്കാനും ആരാധിക്കാനും അർഹതയുള്ളതെന്നും ഇല്ലാത്തതെന്നുമൊക്കെയുള്ള നിബന്ധനകൾ നിർദ്ദേശിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദൈവത്തെ ആരാധിക്കുന്നതിൽ ഒരു വിവേചനവും നടത്തുന്നില്ലെന്ന് ഉറപ്പിക്കാനും മുത്തുകാളിയമ്മൻ ക്ഷേത്രത്തിൽ ദളിതർക്ക് എല്ലാ സൗകര്യവും ഒരുക്കാനും കാഞ്ചീപുരം ജില്ലാ ഭരണകൂടത്തോടും ദേവസ്വം വകുപ്പിനോടും കോടതി ഉത്തരവിട്ടുണ്ട്. രഥം ദളിത് കോളനിയിലൂടെ എഴുന്നള്ളിക്കാൻ അവസരമൊരുക്കണമെന്നും കോടതി പറഞ്ഞു. രഥം വരുമ്പോൾ മുത്തുകാളിയമ്മൻ ക്ഷേത്രത്തിൽ ദളിതർ ആരാധന നടത്തുന്നത് ഇതര ജാതിക്കാർ തടഞ്ഞിരുന്നതാണ് കേസിന് ഇടയാക്കിയത്. ഇത്തരം വിവേചനങ്ങൾ ജാതിയുടെ പേരിൽ ഒരുകൂട്ടം ആളുകൾ കാണിക്കാൻ ജനാധിപത്യ ഭരണകൂടങ്ങൾ അനുവദിക്കരുത്. അവർ പരാജയപ്പെടുന്നതുകൊണ്ടാണ് നീതി ലഭിക്കാൻ അകറ്റിനിറുത്തപ്പെടുന്നവന് കോടതികളെ സമീപിക്കേണ്ടി വരുന്നത്.