സീറ്റുകളിൽ ധാരണയാകാതെ ചെങ്ങന്നൂർ
ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ചെങ്ങന്നൂർ നഗരസഭയിൽ തിരഞ്ഞെടുപ്പ് പോര് മുറുകി.
മുന്നണികളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്തുതന്നെയുണ്ടാവും. നിലവിൽ കോൺഗ്രസാണ് നഗരസഭ ഭരിക്കുന്നത്. ഭരണം പിടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് നടത്തുന്നത്. ഒപ്പം ബി.ജെ.പിയും വലിയ ശക്തിയായി രംഗത്തുണ്ട്. ഇത്തവണ പൊതുവിഭാഗത്തിൽ നിന്നുള്ള ആളാണ് ചെയർമാൻ സ്ഥാനത്തെത്തുക. സീറ്റ് ചർച്ചകളടക്കം നടന്നുവരികയാണ്.
അഞ്ചിൽത്താഴെ സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിൽ ധാരണയായിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചെയർപേഴ്‌സൺ ശോഭാവർഗീസും വൈസ് ചെയർമാൻ കെ. ഷിബുരാജനും മത്സര രംഗത്തുണ്ടാകും.
കേരളകോൺഗ്രസ് 10 സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ലെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എൽ.ഡി.എഫും ഘടക കക്ഷികളുമായുള്ള ചർച്ചകളിലാണ്. സി.പി.ഐ- 5, കേരള കോൺഗ്രസ് (എം)- 4, എൻ.സി.പി- 1 എന്നിങ്ങനെയാണ് ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം. ബാക്കിയുള്ള സീറ്റുകളിൽ സി.പി.എം മത്സരിക്കും.
ജനസമ്മതിയുള്ള സ്വതന്ത്രരും എൽ.ഡി.എഫിൽ മത്സരിച്ചേക്കും. ബി.ജെ.പി വാർഡ് കമ്മിറ്റികൾകൂടി സ്ഥാനാർത്ഥി പട്ടിക മണ്ഡലം കോർ കമ്മിറ്റിക്കു കൈമാറി. വാർഡ് കമ്മിറ്റികൾ മൂന്നുമുതൽ അഞ്ചുപേരടങ്ങുന്ന പട്ടികയാണ് കൈമാറിയിരിക്കുന്നത്.
ചെങ്ങന്നൂർ നഗരസഭ
ആകെ വാർഡുകൾ- 27
കോൺഗ്രസ്- 12
കേരള കോൺഗ്രസ്- 4
ബി.ജെ.പി- 7 സി.പി.എം- 3 സ്വതന്ത്രൻ-1